
കുഞ്ഞനിയനെയോ അനിയത്തിയെയോ അദ്യമായി കണ്ട നിമിഷത്തെക്കുറിച്ച് ഓർമയുണ്ടോ? അതൊരു വൈകാരിക നിമിഷം തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആദ്യമായി ചേച്ചിയോ ചേട്ടനോ ആയ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് തന്നെയാണ്.
അത്തരത്തിൽ ഒരു പെൺകുട്ടി അവളുടെ അനിയനെ ആദ്യമായി കാണുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. നവജാത ശിശു കാറിലാണ് ഉള്ളത്. ഡോർ തുറന്നു കുഞ്ഞുവാവയെ കണ്ടതോടെ സന്തോഷം കൊണ്ട് കണ്ണുനിറയുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്.
'ചേച്ചി കുഞ്ഞനിയനെ ആദ്യമായി കണ്ടുമുട്ടുന്നു' എന്ന അടിക്കുറിപ്പോടെ കുട്ടികളുടെ അമ്മയാണ് ആദ്യം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തുടർന്ന് നിരവധി പേർ വീഡിയോ ഷെയർ ചെയ്തു. 'എനിക്കവളെ മനസിലാകും, ഞാനും ഇങ്ങനെയായിരുന്നു', 'അവൾ നല്ലൊരു ചേച്ചിയായിരിക്കും', 'ക്യൂട്ട്' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.