 
തിരുവനന്തപുരം: യൂറോപ്യൻ രാജ്യമായ നോർവെയുടെ കാലാവസ്ഥാ ഗവേഷണ സംഘത്തെ എറണാകുളം സ്വദേശി ഡോ.റോഷിൻ. പി. രാജ് നയിക്കും. നോർവേയിലെ ബ്രെർക്സ് സെന്റർ ഫോർ ക്ലൈമറ്റ് റിസർച്ചിലെ ധ്രുവ കാലാവസ്ഥ ഗവേഷണ സംഘത്തെയാണ് നയിക്കുക . ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
നോർവേയിലെ നാൻസൻ എൻവയോൺമെന്റൽ ആൻഡ് റിമോട്ട് സെൻസിംഗ് സെന്ററിലെ സമുദ്ര ശാസ്ത്ര വിഭാഗം സയന്റിസ്റ്റായ റോഷിൻ ഗവേഷണ കേന്ദ്രം കോ-ലീഡറായാണ് നിയമിതനായത്. നോർവേയിലെ പ്രധാന ഭൗമ കാലാവസ്ഥാ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള എഴുപതിൽപ്പരം ഭൗമ കാലാവസ്ഥ ഗവേഷകർ അടങ്ങുന്ന സംഘത്തെയാണ് നയിക്കുക.
എറണാകുളം ഏലൂർ നാരായണത്തു പുത്തൻവീട്ടിൽ പി. രാജന്റെയും സതിയുടെയും മകനായ റോഷിൻ കുസാറ്റിൽ നിന്ന് സമുദ്രശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം പി.എച്ച്ഡി നേടാനാണ് ആദ്യം നോർവേയിലേക്ക് പോയത്. യൂണിവേഴ്സിറ്റി ഓഫ് ബർഗനിൽ നിന്ന് ഡോക്ടറേറ്റ് നേടിയ റോഷിൻ കഴിഞ്ഞ പത്തു വർഷമായി നോർവേയിലെ നാൻസൻ സെൻററിൽ സയന്റിസ്റ്റാണ്. യൂണിവേഴ്സിറ്റി ഓഫ് ബർഗനിലെ എൻജിനീയറായ ധന്യയാണ് ഭാര്യ.