ajeesh

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷ് (36) മരണവിവരം അറിഞ്ഞ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചുകൊണ്ടെന്ന് പൊലീസ്. റിസപ്‌ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം കസ്റ്റഡിയിലിരിക്കേയാണ് അജീഷ് അറിഞ്ഞത്. അമിതമായ ലഹരി ഉപയോഗം മൂലം ഇയാൾ സൈക്കോ അവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ താനിപ്പോഴാണ് ശരിക്കും താരമായതെന്ന് ഇയാൾ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.

'ഒൻപത് കേസുകളിൽ ഞാൻ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ശരിക്കും സ്റ്റാറായത്. ഇനി എല്ലാവരും എന്നെ പേടിക്കും',അജീഷ് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിലേ അജീഷിന്റെ ആഗ്രഹം. നാൽപ്പത് കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. ആനായിക്കോണത്ത് വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന അജീഷ് വാക്കുതർക്കത്തിനിടെ ബൈക്കിന്റെ സൈലൻസർ ഊരി ഷാജിയുടെ തലയ്‌ക്കടിക്കുകയായിരുന്നു.


അയ്യപ്പന് പുറമേ രണ്ട് പേരെ കൂടി അന്നുതന്നെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു. ഇയാളുമായി മുൻപ് ശത്രുതയുണ്ടായിരുന്ന നാട്ടുകാരായ രണ്ട് ചെറുപ്പക്കാരെയാണ് ഇയാൾ ലക്ഷ്യം വച്ചിരുന്നത്. അയ്യപ്പനെ കൊലപ്പെടുത്തിയശേഷം നെടുമങ്ങാട്ടേക്ക് പോകുന്നതിനിടെ ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബൈക്ക് മുല്ലശേരിയിൽ മാറ്റിവച്ചതിനുശേഷം വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചായിരുന്നു ഇയാൾ ആനായിക്കോണത്ത് എത്തിയത്. വീടിന് സമീപമുള്ള പാലത്തിലിരുന്നു ലഹരി ഉപയോഗിക്കുകയായിരുന്ന ഇയാളെ വാർത്തകളിൽ വന്ന ചിത്രങ്ങളിലൂടെ തിരിച്ചറി‌ഞ്ഞ ഒരു പെൺകുട്ടി വിവരം പഞ്ചായത്തംഗത്തിനെ അറിയിക്കുകയും പഞ്ചായത്തംഗം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

അയ്യപ്പനെ കൊലപ്പെടുത്തുന്നതിനായി അജീഷ് മുൻകൂട്ടി തന്നെ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. നഗരത്തിൽ തിരക്കുണ്ടാവുന്നതിന് മുൻപായി കൊലപാതകം നടത്തി മടങ്ങാനായിരുന്നു പദ്ധതി. റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി മുൻപു നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.