man

കീവ്: യുക്രെയിൻ മണ്ണിൽ തുടർച്ചയായി മൂന്നാം ദിവസവും റഷ്യയുടെ ആക്രമണം തുടരുകയാണ്. രാജ്യത്തെ സംരക്ഷിക്കാൻ ആയിരത്തോളം സൈനികർ യുക്രെയിനിൽ ഇതുവരെ ജീവൻ ബലിനൽകിക്കഴിഞ്ഞു. 18നും 60നുമിടയിൽ പ്രായമുള‌‌ള പുരുഷന്മാർ രാജ്യം വിടരുതെന്നും പൊതുജനങ്ങൾ ആയുധമെടുത്ത് റഷ്യൻ പട്ടാളത്തിനെതിരെ പൊരുതണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് മരണം വരെ ചെറുത്തുനിൽക്കാനാണ് യുക്രെയിനിലെ പൗരന്മാരുടെ തീരുമാനം.

ഇത്തരത്തിൽ ധീരമായ തീരുമാനമെടുത്ത ഒരു പൗരന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. യുക്രെയിൻ തലസ്ഥാനമായ കീവിലേക്ക് മാർച്ച് ചെയ്യുന്ന റഷ്യൻ സൈനിക വ്യൂഹത്തിന് മുന്നിൽ ചങ്കുവിരിച്ച് നിന്ന് വാഹനത്തിന്റെ ഓട്ടം തടസപ്പെടുത്തിയിരിക്കുകയാണ് ഒരു യുക്രെയിൻ പൗരൻ. അതിവേഗം കടന്നുവരുന്ന ടാങ്കിന് മുന്നിലേക്ക് ഇയാൾ വന്നുനിന്നു. ഇയാളെ തട്ടാതെ മാറിപ്പോകാൻ പട്ടാളത്തിന്റെ വാഹനം ശ്രമിച്ചപ്പോൾ വണ്ടി തിരിച്ച ഭാഗത്തേക്ക് കയറി നിൽക്കാൻ യുക്രെയിൻ പൗരൻ ശ്രമിക്കുന്നുണ്ട്.

റഷ്യൻ സൈന്യത്തെ നേരിടാനുറച്ച സാധാരണക്കാരായ യുക്രെയിനിലെ പൗരന്മാരുടെ പോരാട്ടവീര്യമാണ് ഈ വീഡിയോയിലൂടെ പുറത്തുവരുന്നതെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. സർക്കാരിനെ പുറംതള‌ളാനും അധികാരം പിടിച്ചെടുക്കാനും യുക്രെയിനിലെ സൈന്യത്തോട് പുടിൻ ആഹ്വാനം ചെയ്‌തിരുന്നു. ഇതിനിടെ പോരാട്ടം നടക്കുന്ന രാജ്യതലസ്ഥാനത്തെ തന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ലൈവ് വീഡിയോ പങ്കുവച്ചിരുന്നു. ഈ രാത്രി വളരെ പ്രയാസം നിറഞ്ഞതാണെന്നും രാജ്യത്തെ പല പ്രധാന നഗരങ്ങളും റഷ്യൻ സൈനിക ആക്രമണത്തിലാണെന്നും സെലെൻസ്‌കി പറഞ്ഞു. എന്തുവന്നാലും അവസാനം വരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.