roof-garden

മുംബയ്: മഹാനഗരത്തിലെ ഹരിതാഭ വർദ്ധിപ്പിക്കാൻ പുതിയ പദ്ധതിയുമായി മുംബയ് ഭരണകൂടം. ബൃഹൻമുംബയ് മുനിസിപ്പൽ കോർപറേഷന്റെ പുതിയ നിർദ്ദേശമനുസരിച്ച് 2000 ചതുരശ്രയടിയ്‌ക്ക് മുകളിൽ വലുപ്പമുള‌ള എല്ലാ പുതിയ കെട്ടിടങ്ങളിലും ടെറസിൽ ഗാർഡൻ നിർമ്മിക്കണം. നഗരത്തിലെ പച്ചപ്പിൽ കാര്യമായ വർദ്ധനവ് ടെറസ് ഗാർ‌ഡൻ പദ്ധതിയിലൂടെ ഉണ്ടാകുമെന്നാണ് ബി‌എം‌സിയുടെ കണക്കുകൂട്ടൽ.

ബിഎം‌സിയുടെ റൂഫ്‌ടോപ്, വെർട്ടിക്കൽ ഗാർഡൻ നയത്തിന്റെ ഭാഗമായാണ് ഈ പുതിയ നടപടി. പ്രധാന റോഡിനെ അഭിമുഖീകരിച്ചാണ് ഇതെങ്കിൽ വായു, ശബ്‌ദ മലിനീകരണം തടയാൻ സഹായിക്കുമെന്നാണ് മുംബയ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. പരമ്പരാഗത രീതിയായ മരംനടീൽ പോലുള‌ളവയ്‌ക്ക് ധാരാളം സ്ഥലം ആവശ്യമായി വരും. നഗരത്തിലെ ജനസാന്ദ്രത ഇതിന് തടസമാണ്. അതിനാലാണ് ടെറസ് ഗാർഡൻ എന്ന പദ്ധതി.

ഈ പദ്ധതി വഴി കെട്ടിടത്തിന്റെ നിർമ്മാണത്തിൽ കൂടുതൽ സുരക്ഷിതത്വവും ബിഎം‌സി ഉന്നംവയ്‌ക്കുന്നുണ്ട്. കെട്ടിടത്തിന്റെ സ്ഥിരതയും സുരക്ഷയും ഇതിലൂടെ മെച്ചപ്പെടും. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ കെട്ടിട നിർമ്മാതാക്കളുമായി ചർച്ച നടത്താനൊരുങ്ങുകയാണ് നഗരഭരണകൂടം.