
ദർശനാ... സർവ്വം സദാ നിൻ സൗരഭ്യം ദർശനാ...
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിലെ ദർശന എന്ന പാട്ട് 2.9 കോടി ഹൃദയങ്ങൾ കീഴടക്കിയതിന്റെ ആരവത്തിൽ കാസർകോടിനടുത്ത് പിലിക്കോട് എന്ന കുഞ്ഞൻ ഗ്രാമമാണ് ഏറ്റവും ആഹ്ളാദിക്കുന്നത് . ദർശന പാട്ടിന്റെ എഴുത്തുകാരൻ അരുൺ ഏളാട്ടിന്റെ നാട്.
മൂന്ന് വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയപ്പോൾ മുതൽ പിലിക്കോട് അരുണിനെ ശ്രദ്ധിക്കുന്നുണ്ട്. വലിയ വേദികളിൽ പാടി തുടങ്ങിയപ്പോൾ പാട്ട് കൂടെ കൊണ്ടുപോവാൻ തീരുമാനിച്ചു. പാട്ടിന് വലിയ സാദ്ധ്യത എറണാകുളം നഗരത്തിലാണെന്ന് അറിഞ്ഞപ്പോൾ ഒപ്പം നിന്നു വീട്ടുകാർ. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സിവിൽ എൻജിനിയറിംഗ് പഠനം. അവസാനവർഷം പഠിക്കുമ്പോൾ കൂട്ടുകാരുടെ നിർബന്ധത്തിന് പുതിയ ഗായകർക്കുള്ള ഒാഡിഷന് പങ്കെടുത്തു. ' ശബ്ദം പരിശോധിച്ചത് 'സംഗീത സംവിധായകൻ ബിജിബാൽ. ഒാഡിഷന് പുറത്തായെങ്കിലും അരുണിന്റെ ഫോൺ നമ്പർ ബിജിബാൽ വാങ്ങി. കുറെ നാൾ കഴിഞ്ഞ് ഒരു ദിവസം ആ മാജിക് . മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടർ സിനിമയിൽ സ്വപ്നമൊരു ചാക്ക് എന്ന പാട്ട് പാടാൻ ബിജിബാലിന്റെ വിളി. അപ്പോഴാണ് നമ്പർ വാങ്ങിയത് ബിജിബാലാണെന്ന് അരുൺ അറിയുന്നത്. ഒരു പരിചയം പോലുമില്ലാത്ത ആളിനെ വിളിച്ച് അവസരം .ആദ്യ പാട്ട് സൂപ്പർ ഹിറ്റ്. ആ യാത്ര മുന്നോട്ടു പോവുമ്പോൾ പിന്നെയും ബിജിബാൽ സംഗീതത്തിൽ പാട്ടുകൾ. എൻജിനിയറിംഗ് പഠനശേഷം എറണാകുളത്ത് ജോലി ചെയ്യുമ്പോൾ സംവിധായകൻ റോജിൻ തോമസിനും സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്യത്തിനൊപ്പമായിരുന്നു താമസം.അവർ രണ്ടു പേരും അരുണിന്റെ പാട്ടെഴുത്ത് കണ്ടു. ഗായക വിലാസത്തിൽനിന്ന് ഹോം സിനിമയിലൂടെ പാട്ടെഴുത്തുകാരനിലേക്ക് . ആസമയത്തുത്തന്നെ സെയ്ഫ് സിനിമയിൽ പാട്ടെഴുതി. പാടിയത് വിനീത് ശ്രീനിവാസൻ. സെയ്ഫിലെ പാട്ടിന്റെ വരികൾ ഇഷ്ടപ്പെട്ട വിനീത് ശ്രീനിവാസൻ വിളിച്ചപ്പോഴാണ് ദർശന പാട്ട്. മധുരം സംഗീതം ഒരുക്കി ഹിഷാം അബ്ദുൾ വഹാബ്. പാട്ട് വഴി വിശേഷത്തിൽ അരുൺ.
നന്നായി എഴുതുമെന്ന്
വിചാരിച്ച് വിനീതേട്ടന്റെ വിളി
വിനീതേട്ടനും ഹിഷാമും ഞാനും കൂടി ഹിഷാമിന്റെ വാഹനത്തിലിരുന്നാണ് ദർശന ആദ്യമായി കേൾക്കുന്നത്. വിനീതേട്ടൻ സിറ്റുവേഷൻ പറഞ്ഞു തന്നിരുന്നു . പാട്ട് കേട്ടപ്പോൾത്തന്നെ വൈറലാകുമെന്ന് തോന്നി. അടിപൊളി ട്യൂൺ. എന്നാൽ ഇത്ര വലിയ ഹിറ്റായതിൽ ഒരുപാട് സന്തോഷമുണ്ട്. ഇരുപത്തിയെട്ട് മില്യൺ ആളുകൾ ഇതിനകം കണ്ടു. ഇതേപോലെ സ്വീകാര്യത ലഭിച്ച പാട്ടുകൾ മലയാളത്തിൽ വേറെയുണ്ടാവും. അതേ സ്വീകാര്യത ദർശന പാട്ടിന് ലഭിച്ചതിലാണ് സന്തോഷം.റോജിന്റെയും രാഹുലിന്റെയും മുന്നിൽ പൊട്ടത്തരം എഴുതിയാലും തിരുത്താനുള്ള ഇടം ഇഷ്ടംപോലെയുണ്ടെന്ന് അറിയാം. വിനീതേട്ടൻ വിളിക്കുന്നത് ഞാൻ നന്നായി എഴുതുമെന്ന് വിചാരിച്ചാണ്. വലിയ ഉത്തരവാദിത്വം തന്നെയായിരുന്നു മുന്നിൽ. എഴുതിയ വരികളിൽ ഒരു മാറ്റവും വരുത്തിയില്ല. അത് എന്നിലെ പാട്ടെഴുത്തുകാരന് ആത്മവിശ്വാസം തന്നു. ദർശനയേക്കാൾ എനിക്ക് സംതൃപ്തി തന്നത് അരികെ നിന്ന നിഴൽ പോലുമിന്ന് എന്ന പാട്ടാണ്.രണ്ടു പാട്ടാണ് ഹൃദയത്തിൽ എഴുതിയത്.നാനിയുടെ തെലുങ്ക് ചിത്രം ശ്യാം സിംഘർ റോയ് യുടെ മലയാളം പതിപ്പിലും പാട്ടെഴുതി. മിക്കി ജെ മേയറുടെ സംഗീതസംവിധാനത്തിൽ ഏഴു പാട്ട്.
മുൻപ് ഒരു സിനിമയിൽ ഒരാൾ തന്നെ എല്ലാ പാട്ടും എഴുതുന്നതായിരുന്നു രീതി. അന്ന് ഒന്നുരണ്ടു ദിവസം കൊണ്ട് പാട്ടിന്റെ മുഴുവൻ ജോലിയും തീരും. എന്നാൽ ഇപ്പോൾ ഒന്നിലധികം പാട്ടെഴുത്തുകാരും സംഗീത സംവിധായകരും ഗായകരും പല സ്ഥലത്തിരുന്നാണ് ജോലി . അപ്പോൾ പല ജോണർ പാട്ടുകൾ ഉണ്ടാവുന്നു.

താത്പര്യം, പാട്ട്
ആസ്വദിക്കാൻ
പാടുന്നതായാലും എഴുതുന്നതായാലും സംഗീതം ഒരുക്കുന്നതായാലും പാട്ട് ആസ്വദിക്കാനാണ് താത്പര്യം. പാടുന്നതിനേക്കാൾ ഒരുപടി സന്തോഷം എഴുതുമ്പോഴും സംഗീതം ഒരുക്കുമ്പോഴും ലഭിക്കുന്നുണ്ട്. പാടുമ്പോൾ സർഗാത്മകമായ സാധ്യതകൾ വളരെ പരിമിതം. സംഗീത സംവിധായകൻ തരുന്ന ട്യൂൺ, പാട്ടിന്റെ വരി, അത് നമ്മുടെ രീതിയിൽ പാടുന്നു എന്നല്ലാതെ തല പുകയ്ക്കാനോ ക്രിയേറ്റിവേറ്റി കൊണ്ടുവരാനോ കാര്യമായ ഇടമില്ല. എന്നാൽ പാട്ടെഴുതുമ്പോൾ പരിമിതിയില്ലാത്ത സാധ്യതയുണ്ട്. സംഗീതം ഒരുക്കുമ്പോഴും പരിമിതിയില്ലാത്ത സാധ്യതത്തന്നെ. ആസ്വാദകരിലേക്ക് എത്തുന്നത് പാടുന്ന ആളിന്റെ ശബ്ദമായിട്ടാണല്ലോ. അപ്പോൾ അത് തരുന്ന സന്തോഷം വലുതാണ്. മറ്റു സംഗീത സംവിധായകരുടെ പാട്ടുകൾ പാടണമെന്നുണ്ട്. അതിനൊപ്പം എന്റെ പാട്ടുകളും ഒരുപാട് ഗായകരെ കൊണ്ട് പാടിക്കണമെന്നും ആഗ്രഹിക്കുന്നു.
ഒാട്ടത്തിന്റെ ലക്ഷ്യം
സംഗീത സംവിധാനം ആഗ്രഹിക്കുന്ന മേഖലയാണ്. 'നവമലയാളം' സംഗീത ആൽബം പാട്ടെഴുതിയും പാട്ട് പാടിയും സംഗീതം ഒരുക്കിയും അവതരിപ്പിച്ചത് ആസ്വാദകർ ഏറ്റെടുത്തു. എന്റേതായ ആശയങ്ങൾ പറയാൻ പറ്റുന്ന പാട്ടുകൾ ചെയ്യുന്നു.സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ സാറിന്റെ മകൻ നന്ദൻ സംവിധാനം ചെയ്ത 'ഡ്രീമിംഗ് ഒഫ് വേഡ്സ് ' ഡോക്യുമെന്ററിക്ക് സംഗീതസംവിധാനം ചെയ്തു. രാജ്യാന്തര തലത്തിൽ ഏറെ പ്രശസ്തി ലഭിച്ച ഡോക്യുമെന്ററിയാണ് അത്. സിനിമയിലെ സംഗീത സംവിധാനവും രുചിച്ചു നോക്കേണ്ടതാണ്. അത് ഒരു വെല്ലുവിളിയാണെങ്കിലും സംതൃപ്തിയും ഒപ്പം നൽകുന്നു. ഭാവിയിൽ അവിടേക്ക് എത്താനാണ് എന്റെ ഒാട്ടത്തിന്റെ ലക്ഷ്യം.

കൈതപ്രം സാറും ആകാംക്ഷയും
'കൈതപ്രം സാറും അരുണും മാത്രമായിരിക്കും പാട്ടെഴുതുക' എന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ ഭയങ്കരം സന്തോഷം തോന്നി.സിനിമ സംഗീത ശാഖയിൽ വടക്കേ മലബാറിൽ നിന്നു നിറഞ്ഞുനിൽക്കുന്ന കൈതപ്രം സാർ. ഹൃദയത്തിൽ അദ്ദേഹത്തിന്റെ പേരിനൊപ്പം ടൈറ്റിൽ കാർഡിലും പോസ്റ്ററിലും എന്റെ പേര് വന്നപ്പോൾ അത്ഭുതപ്പെട്ടു. ആ ആകാംക്ഷയും ആഹ്ളാദവും ഹൃദയത്തിന്റെ പാട്ടെഴുത്ത് തുടങ്ങിയപ്പോൾ മുതലുണ്ട്. മൂന്നാമത്തെ പാട്ട് എഴുതി കിട്ടാനാണ് കൈതപ്രം സാറിന്റെ അടുത്ത് വിനീതേട്ടൻ പോവുന്നത് . ഒരുദിവസം കൊണ്ട് നാല് പാട്ട് എഴുതിയാണ് വന്നത്. ദർശന ഇറങ്ങിയപ്പോൾ കൈതപ്രം സാറിന്റെ മകൻ ദീപാങ്കുരൻ വിളിച്ചു. അപ്പോൾ കൈതപ്രം സാർ നല്ല വാക്കുകൾ പറഞ്ഞത് അംഗീകാരമായി കരുതുന്നു. ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം എന്ന കൈതപ്രം സാറിന്റെ പാട്ട് മത്സരത്തിന് പാടിയിട്ടുണ്ട്. കൈതപ്രം സാർ എഴുതുന്ന സിനിമ പാട്ടുകളാണ് തനിക്ക് ഇഷ്ടമെന്ന് വിനീതേട്ടൻ പറഞ്ഞിട്ടുണ്ട്. അത് എന്നെ സ്വാധീനിച്ചിട്ടുണ്ടാവും.അച്ഛൻ കൃഷ്ണൻ. അമ്മ സത്യഭാമ. സഹോദരി അമ്പിളി. ഭാര്യ സ്വാതി രാജ്. മൈക്രോ ബയോളജി വിദ്യാർത്ഥി.