
മോസ്കോ : ആരാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ? ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല ഉത്തരം. രണ്ട് ദശാബ്ദങ്ങളായി റഷ്യയിൽ അധികാരത്തിൽ തുടരുന്ന പുട്ടിനെ ആധുനിക ഹിറ്റ്‌ലർ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏകാധിപത്യ സ്വഭാവമാണ് കാരണം. ആരെയും വകവയ്ക്കില്ല, ആർക്കും കീഴപ്പെടില്ല, ആരോടും കടപ്പെട്ടിട്ടില്ല. ആർക്കും അനുനയിപ്പിക്കാനാകില്ല. എതിർക്കുന്നവരെ വേരോടെ പിഴുതെറിയും.!
അമേരിക്ക ലോകത്ത് ഭയക്കുന്ന രാജ്യം പുട്ടിന്റെ റഷ്യയാണ്. മാരക ആയുധശേഖരമുണ്ട് റഷ്യയുടെ ആവനാഴിയിൽ. ഒരു നിമിഷത്തിൽ ഒരു ഭൂപ്രദേശത്തെ ഇല്ലാതാക്കാൻ ശേഷിയുള്ള ആണവായുധങ്ങളുണ്ട്. ശബ്ദത്തിന്റെ അഞ്ച് മടങ്ങിലേറെ വേഗതയുള്ള ( മാക് 5 - മണിക്കൂറിൽ 6,000 കിലോമീറ്റർ ) ഹൈപ്പർ സോണിക് മിസൈലുകൾ പുട്ടിൻ വിന്യസിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മാരകമായ മിസൈലുകളാണിവ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സങ്കേതങ്ങളും പ്രതിരോധ രംഗത്ത് സ്വായത്തമാണ്. ഈ നേട്ടങ്ങളിലൂടെ റഷ്യ തങ്ങളെ മറികടക്കുമോ എന്ന ഭീതി അമേരിക്കയ്‌ക്കുണ്ട്. ഹൈപ്പർസോണിക് ആയുധ രംഗത്ത് പിന്നിലാണ് അമേരിക്ക. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം റഷ്യയെ ലോകവൻശക്തിയായി ഉയിർത്തെഴുന്നേൽപ്പിച്ചത് പുട്ടിനാണ്.
1952 ഒക്ടോബർ 7ന് ലെനിൻഗ്രാഡിൽ (സെന്റ് പീറ്റേഴ്സ്ബർഗ് ) ഫാക്ടറി ജീവനക്കാരിയായ മരിയയുടെയും രണ്ടാം ലോകമഹായുദ്ധത്തിൽ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടി വന്ന വ്ലാഡിമിർ സ്പിറിഡൊണോവിച്ച് പുട്ടിന്റെയും മകനായി ജനിച്ച വ്ലാഡിമിർ പുട്ടിൻ പിൽകാലത്ത് സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിൽ സീക്രട്ട് ഏജന്റായി. അവിടെ നിന്ന് റഷ്യയുടെ തലപ്പത്തേക്കുള്ള പുട്ടിന്റെ യാത്ര സംഭവബഹുലമായിരുന്നു. എതിരാളിയെ എങ്ങനെ കീഴ്പ്പെടുത്തണമെന്ന് പഴയ സീക്രട്ട് ഏജന്റിനറിയാം. പുട്ടിന്റെ ജീവിതം സിനിമയായാൽ ജെയിംസ് ബോണ്ട് ത്രില്ലർ പോലെയാവും.
പഠനകാലത്ത് തന്നെ എന്തിനെയും എതിർക്കുന്ന സ്വഭാവമായിരുന്നു. പറഞ്ഞാൽ കേട്ടില്ലെങ്കിൽ അടിയാണ്. മുതിർന്ന കുട്ടികളെ പോലും വഴക്കുണ്ടായാൽ ഇടിച്ചുവീഴ്ത്തുമായിരുന്നു. ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട് പുട്ടിൻ. ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദ പഠനത്തിന് ശേഷം കെ.ജി.ബിയിൽ ചേരുമ്പോൾ പുട്ടിന് പ്രായം വെറും 23.
സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ പുട്ടിന് കിഴക്കൻ ജർമ്മനിയിലായിരുന്നു ജോലി. ഓഫീസിലെ രഹസ്യ രേഖകൾ എതിരാളികളുടെ കൈയിലെത്താതിരിക്കാൻ കത്തിച്ച പുട്ടിൻ മോസ്കോയിൽ തിരിച്ചെത്തി. അന്ന് ജീവിക്കാനായി ടാക്സി ഓടിച്ചു. അന്നാണ് മാതൃരാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും നഷ്ടപ്പെട്ടതെല്ലാ തിരിച്ചുപിടിക്കണമെന്നും മനസിൽ കുറിച്ചിട്ടത്. പിൽകാലത്ത് പുട്ടിൻ അതെല്ലാം യാഥാർത്ഥ്യമാകുന്നതിന് ലോകം സാക്ഷി യായി.
1991ൽ സെന്റ് പീറ്റേഴ്സ്ബർഗ് മേയറുടെ വിദേശകാര്യ ഉപദേഷ്ടാവിന്റെ റോൾ ഏറ്റെടുത്ത പുട്ടിൻ ക്രെംലിനുമായി അടുത്തു. 1998ൽ കെ.ജി.ബിയുടെ പുതിയ രൂപമായ എസ്.എസ്.ബിയുടെ തലവനായി. അടുത്ത വർഷം പ്രസിഡന്റ് ബോറിസ് യെൽറ്റ്‌സിനു കീഴിൽ പ്രധാനമന്ത്രിയായി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല പുട്ടിന്. 2000ത്തിൽ ആദ്യമായി പ്രസിഡന്റായി. അന്ന് മുതൽ പ്രധാനമന്ത്രി പദമോ പ്രസിഡന്റ് പദമോ പുട്ടിന് സ്വന്തമായിരുന്നു.
2008ൽ ജോർജിയയെ ആക്രമിച്ചു. 2012 മുതൽ പ്രസിഡന്റായി തുടരുന്ന പുട്ടിൻ 2014 ൽ ക്രൈമിയ പിടിച്ചെടുത്തതോടെയാണ് യുക്രെയിനുമായുള്ള സംഘർഷങ്ങളുടെ തുടക്കം. പഴയ സോവിയറ്റ് സാമ്രാജ്യം വീണ്ടെടുക്കാനുള്ള പുട്ടിന്റെ ശ്രമങ്ങൾ യുക്രെയിൻ അധിനിവേശം കൊണ്ട് അവസാനിക്കില്ല.
2036 വരെ അധികാരത്തിൽ തുടരാനുള്ള ഭരണഘടനാഭേദഗതി കൊണ്ടുവന്ന പുട്ടിന് ഒറ്റ ലക്ഷ്യമേയുള്ളൂ; റഷ്യയെ ലോകവൻശക്തിയുടെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കുക. അതിനായി റഷ്യയ്‌ക്ക് നേരെ ചെറുവിരൽ അനക്കുന്നവർ ആരായാലും വേരോടെ വെട്ടിമാറ്റുക.!