
വാഷിംഗ്‌ടൺ: ഇന്ത്യയ്ക്ക് റഷ്യയുമായുള്ള ബന്ധം തങ്ങളുടേതിൽ നിന്ന് വ്യത്യസ്തമാണെന്ന് അമേരിക്കൻ വക്താവ് .റഷ്യ യുക്രെയിനിൽ അധിനിവേശം ശക്തമാക്കിയതിന് പിന്നാലെ ക്രമസമാധാനം നിലനിർത്തുന്നതിനായി മോസ്കോയുമായി സ്വാധീനമുള്ള എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്ന് ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നിലപാട് സംബന്ധിച്ചുള്ള അമേരിക്കയുടെ പ്രതികരണം.
ചരിത്രപരമായി ഇന്ത്യയ്ക്ക് റഷ്യയുമായി അടുത്ത ബന്ധമുണ്ട്. ദക്ഷിണ ഏഷ്യൻ രാജ്യങ്ങൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രധാനിയാണ് റഷ്യയുടെ തലസ്ഥാനമായ മോസ്കോ. ഞങ്ങൾ ഇന്ത്യയുമായി സുപ്രധാന താത്പര്യങ്ങളും മൂല്യങ്ങളും പങ്കിടുന്നു. എന്നാൽ റഷ്യയുമായി ഇന്ത്യയ്ക്ക് വ്യത്യസ്തമായ ബന്ധമാണുള്ളതെന്നും എന്നാലത് പൂർണമായും ശരിയാണെന്നും അമേരിക്കൻ വക്താവ് നെഡ് പ്രൈസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തങ്ങൾ ഇന്തോ പസഫിക്കിൽ ക്വാഡ് യോഗത്തിൽ ആയിരുന്നപ്പോൾ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ ഓസ്ട്രേലിയയിലായിരുന്നു. ക്രമസമാധാനം നിലനിറുത്തുന്നതിനായി റഷ്യയുമായുള്ള സ്വാധീനം വേണ്ടവിധം എല്ലാരാജ്യങ്ങളും ഉപയോഗിക്കുന്നതു സംബന്ധിച്ച് മെൽബണിലായിരുന്ന വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തിയെന്നും നെഡ് പറഞ്ഞു. റഷ്യൻ ആക്രമണം സംബന്ധിച്ച് പാകിസ്ഥാന്റെ നിലപാട് ആരാഞ്ഞതായും നെഡ് കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കും പാകിസ്ഥാനും അമേരിക്കയ്ക്കും റഷ്യയ്ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന നിയമങ്ങളും മാനദണ്ഡങ്ങളുമാണ് ചർച്ചചെയ്തതെന്നും അമേരിക്കൻ വക്താവ് കൂട്ടിച്ചേർത്തു.