
വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ, ചൈന
വാഷിംഗ്ടൺ:യുക്രെയിനിലെ റഷ്യൻ അധിനിവേശത്തെ ശക്തമായി അപലപിക്കുകയും റഷ്യൻ സൈന്യം പിന്മാറണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന പ്രമേയം യു.എൻ. രക്ഷാസമിതിയിൽ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പാസായില്ല. ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
15 അംഗ രക്ഷാസമിതിയിൽ 11 രാജ്യങ്ങൾ അനുകൂലിച്ചെങ്കിലും വീറ്റോ കാരണം പ്രമേയം പാസായില്ല. ഇനി ആർക്കും വീറ്റോ അധികാരം ഇല്ലാത്ത യു.എൻ ജനറൽ അസംബ്ളിയിൽ പ്രമേയം അവതരിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
ചേരിചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രെയിൻ - റഷ്യ സംഘർഷം പരിഹരിക്കണമെന്ന് യു.എന്നിൽ ആവശ്യപ്പെട്ടു. നയതന്ത്രത്തിന്റെ പാത കൈവിട്ടത് ഖേദകരമാണെന്നും നയതന്ത്ര പാതയിലേക്ക് ഉടൻ മടങ്ങേണ്ടത് അനിവാര്യമാണെന്നും കൂടുതൽ ചർച്ചകളിലേക്കും അനുരഞ്ജനത്തിലേക്കും വഴി തുറക്കേണ്ടതിനാലാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്നുമാണ് ഇന്ത്യയുടെ വിശദീകരണം.
നയതന്ത്ര ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നാണ് ഇന്ത്യൻ നിലപാടെന്നും അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും പരിഹരിക്കാനുള്ള ഏക വഴി നയതന്ത്ര സംഭാഷണം മാത്രമാണെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി പറഞ്ഞു.
വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് രാജ്യാന്തര വേദികളിൽ ചർച്ചയായി.
മനുഷ്യക്കുരുതി പരിഹാരമല്ല : ഇന്ത്യ
റഷ്യ-യുക്രെയിൻ യുദ്ധത്തിൽ ഇരുരാജ്യങ്ങളെയും പിണക്കാതെ സന്തുലിതമായ നയതന്ത്ര സമീപനം സ്വീകരിച്ച ഇന്ത്യ രക്ഷാ സമിതി വോട്ടെടുപ്പിലും സമാനമായ സമീപനമാണ് സ്വീകരിച്ചതെന്ന് ടി.എൻ. തിരുമൂർത്തി പിന്നീട് വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.മനുഷ്യ ജീവനെടുത്ത് ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവില്ല. റഷ്യയെ തള്ളിയത് കൊണ്ട് മാത്രം സംഘർഷം അവസാനിക്കില്ല. നയതന്ത്ര പരിഹാരമാണ് വേണ്ടത്. സമാധാനത്തിന് ഇടം കൊടുക്കാനാണ് ഇന്ത്യ ഒരു പക്ഷവും ചേരാത്തത്.
യു. എൻ ചാർട്ടർ, രാജ്യാന്തര നിയമങ്ങൾ, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ളതാണ് ആഗോളക്രമം. എല്ലാ അംഗങ്ങളും ഈ തത്വങ്ങൾ മാനിക്കണം.യുക്രെയിനിലെ ഇരുപതിനായിരത്തിലധികമുള്ള ഇന്ത്യക്കാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഇന്ത്യയ്ക്ക് പ്രധാനമാണെന്നും തിരുമൂർത്തി പറഞ്ഞു.
റഷ്യൻ അധിനിവേശത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് എടുക്കുമെന്നാണ് യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികൾ പ്രതീക്ഷിച്ചത്. വോട്ടെടുപ്പിനു മുന്നോടിയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യയുടെത് നീതീകരിക്കാനാകാത്ത ആക്രമണമായതിനാൽ യുക്രെയിനൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. യുഎസ്, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവരുമായി തന്ത്രപ്രധാനമായ കൂട്ടുകെട്ട് ഇന്ത്യയ്ക്കുണ്ടെങ്കിലും മുൻ നിലപാടിൽ ഉറച്ചു നിൽക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
യു.എന്നിലെ ഇന്ത്യൻ
നിലപാട് അനുചിതം
ടി.പി ശ്രീനിവാസൻ
യുക്രെയിൻ അധിനിവേശത്തെ അപലപിക്കുന്ന യു.എൻ രക്ഷാസമിതി പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നത് ഉഭയക്ഷക്ഷി ബന്ധങ്ങൾ നിലനിറുത്താനാണ്. സ്വാതന്ത്രലബ്ധിയ്ക്ക് ശേഷം പല ലോകരാജ്യങ്ങളും ഇന്ത്യയെ എതിർക്കാനുള്ള സാദ്ധ്യത മാറ്റിയത് സോവിയറ്റ് യൂണിയന്റെ വീറ്റോയാണ്.കാശ്മീർ,ഗോവ,ബംഗ്ളാദേശ്,അഫ്ഗാനിസ്ഥാൻ എന്നീ വിഷയങ്ങളിൽ ഇന്ത്യ ലോക രാജ്യങ്ങളുടെ നയത്തിന് ഒപ്പം നിന്നിരുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള നയമായിരുന്നു നമ്മുടേത്. അന്ന് ഇന്ത്യയെ രക്ഷിച്ചതും സഹായിച്ചതും സോവിയറ്റ് യൂണിയനാണ്. അത് ഇന്ത്യയ്ക്ക് മറക്കാൻ സാധിക്കില്ല. അതു കൊണ്ടാണ് ഇന്ത്യ വീറ്റോ വേണ്ടെന്ന് പറയാത്തത്. മറ്റ് ശക്തമായ രാജ്യങ്ങൾക്ക് കൂടി വീറ്റോ പവർ കൊടുക്കണമെന്നാണ് ഇന്ത്യയുടെ അഭിപ്രായം.
വീറ്റോയ്ക്ക് ഒരു ഉപയോഗമുണ്ടെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ ചെയ്ത പോലെ ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്തില്ല. വോട്ട് ചെയ്തില്ലെങ്കിലും റഷ്യ ചെയ്ത കുറ്റങ്ങളെല്ലാം ഇന്ത്യൻ അംബാസിഡർ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ തുടരാതിരുന്നതിനെക്കുറിച്ചും ആരോടും പറയാതെ ആക്രമണം ആരംഭിച്ചതും യുദ്ധം ചെയ്യില്ലെന്ന് പറഞ്ഞിട്ട് അത് തെറ്റിച്ചതിനെക്കുറിച്ചുമടക്കം നിരവധി ചോദ്യങ്ങൾ ഇന്ത്യൻ അംബാസിഡർ കൃത്യമായി ഉയർത്തിട്ടുണ്ട്.
ഇന്ത്യയുടെ വിട്ടു നിൽക്കൽ കണക്കിലെടുത്ത് റഷ്യയുടെ എല്ലാ പെരുമാറ്റത്തേയും നമ്മൾ അംഗീകരിച്ചെന്ന് കരുതേണ്ടതില്ല. ഉഭയകക്ഷി താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണിത്. അമേരിക്കയുമായി നല്ല ബന്ധമുള്ളത് കൊണ്ട് റഷ്യയ്ക്ക് അനൂകുലമായി വോട്ട് ചെയ്യാനും ഇന്ത്യയ്ക്ക് പ്രയാസമുണ്ട്.
യുക്രെയിൻ ഇന്ത്യക്കെതിരെ പല തവണ യു.എന്നിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് അവരോട് അനുഭാവപൂർണമായ സമീപനമാനുള്ളത്. രാജ്യ താൽപര്യങ്ങൾക്ക് വേണ്ടിയാണ് എല്ലായിടത്തും ഇന്ത്യ പ്രവർത്തിക്കുന്നത്. ഇതിനെ രാഷ്ട്രീയവൽകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നത് ശരിയല്ല. യുദ്ധത്തിന്റെ ഗതിയനുസരിച്ച് ഇനിയും ദിവസങ്ങൾ നീണ്ട് നിൽക്കാനും സാദ്ധ്യതയുണ്ട്.