seminar

കോഴിക്കോട്: മാദ്ധ്യമവിലക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച മാദ്ധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും സെമിനാർ കെ.പി.കേശവ മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ വിദ്വേഷവും വിഭജനവും സൃഷ്ടിച്ച് ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാരിന്റേത്. ജനങ്ങളുടെ അറിയാനും മാദ്ധ്യമങ്ങളുടെ അറിയിക്കാനുമുള്ള സ്വാതന്ത്ര്യമാണ് കോർപ്പറേറ്റ് മൂലധനശക്തികളും ഹിന്ദുരാഷ്ട്രവാദികളും ചേർന്ന് തകർക്കുന്നത്. മാദ്ധ്യമ പ്രവർത്തകരെയും ബുദ്ധിജീവികളെയും ഭീകരപ്രവർത്തകരാക്കി കള്ളക്കേസെടുത്ത് തടവിലിട്ട് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം.പി അദ്ധ്യക്ഷനായി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ശ്രേയാംസ്‌കുമാർ എം.പി, ഡോ.ജി.മോഹൻഗോപാൽ, ഡോ.സെബാസ്റ്റ്യൻ പോൾ, വിനോദ് ജോസ്, കെ.പി.രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, കെ.അജിത, അശോകൻ ചരുവിൽ, പി.കെ.പാറക്കടവ്, ഡോ.ഫസൽ ഗഫൂർ, അഡ്വ.സി.പി.പ്രമോദ്, ദീദി ദാമോദരൻ, മീഡിയവൺ ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ പങ്കെടുത്തു.