hemannada

ഭുവനേശ്വർ: ഒഡിഷയിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാൽ അന്തരിച്ചു. 82 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രണ്ടു തവണ ഹേമാനന്ദ ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്നു (1989-1990, 1999- 2000). 1989ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി. പട്നായിക്കിന് പകരമാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. 1995ൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു.

2009ൽ ഒഡിഷയിലെ സുന്ദർഗഢ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പിയായി. ബിശ്വാലിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും അനുശോചിച്ചു.

നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.