vishnu-vinod

രാജ്കോട്ട്: രണ്ടാം ദിവസം സെഞ്ചുറി നേടിയ രോഹൻ എസ് കുന്നുമ്മലിന് പിന്നാലെ മൂന്നാം ദിവസം വിഷ്ണു വിനോദും സെഞ്ചുറി പൂർത്തിയാക്കിയതോടെ ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ശക്തമായ നിലയിൽ. ഒന്നാം ഇന്നിംഗ്സിൽ 51 റണ്ണിന്റെ ലീഡ് സ്വന്തമാക്കിയ കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടടത്തിൽ 128 റൺസെടുത്തിട്ടുണ്ട്.

സ്കോർ: ഗുജറാത്ത് 388 ഓൾഔട്ട് & 128-5; കേരളം: 439 ഓൾഔട്ട്.

ഗുജറാത്ത് രണ്ടാം ഇന്നിംഗ്സിൽ മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഗുജറാത്തിന്റെ ഉമാംഗ് (25), കരൺ പട്ടേൽ (28) എന്നിവരാണ് ക്രീസിൽ. കേരളത്തിനെതിരെ പരാജയം ഒഴിവാക്കണമെങ്കിൽ ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തേണ്ടത് ഗുജറാത്തിന് നിർണായകമാണ്. കേരളത്തിനെതിരെ നിലവിൽ ഗുജറാത്തിന് 77 റൺസിന്റെ ലീഡുണ്ട്. കേരളത്തിന് വേണ്ടി ബേസിൽ തമ്പി രണ്ട് വിക്കറ്റുകളും, നിതീഷ് എം ഡി, ജലജ് സക്സേന, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നേരത്തെ വിഷ്ണു വിനോദിന്റെ മികച്ച ബാറ്റിംഗാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 113 റണ്ണെടുത്ത വിഷ്ണുവിന് സച്ചിൻ ബേബിയും (53) വത്സൽ ഗോവിന്ദും (25) മികച്ച പിന്തുണ നൽകി.