
കീവ്: 'ഞാൻ ഇവിടെതന്നെയുണ്ട്. ആയുധങ്ങൾ താഴെ വയ്ക്കില്ല. ഒളിച്ചോടില്ല. അവസാന ശ്വാസം വരെ രാജ്യത്തെ സംരക്ഷിക്കും. ഇതാണ് നമ്മുടെ ഭൂമി, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികൾ, ഇതെല്ലാം ഞങ്ങൾ സംരക്ഷിക്കും. സത്യം. '
യുദ്ധം ഭയന്ന് പ്രസിഡന്റ് പലായനം ചെയ്തെന്നും കീഴടങ്ങുമെന്നുമുള്ള കിംവദന്തികൾ പരക്കവെ, കീവിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിൽ നിന്ന് ചിത്രീകരിച്ച വീഡിയോ സന്ദേശത്തിൽ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
സുരക്ഷിത സ്ഥലത്തേക്ക് മാറാൻ സഹായിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശം തള്ളിയ സെലെൻസ്കി,
താൻ കീവിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.
ഭരണത്തിലേറി മൂന്നു വർഷമാകുമ്പോൾ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ ചങ്കുറപ്പോടെ നേരിടുന്ന സെലെൻസ്കിയാണ് യുക്രെയിൻ ജനതയുടെ യുദ്ധവീര്യം. പെട്രോൾ ബോംബുകളുമായി റഷ്യൻ സൈന്യത്തെ നേരിടാൻ ജനങ്ങളെ സെലെൻസ്കി ആഹ്വാനം ചെയ്തു.
ആക്രമണമല്ല, പ്രതിരോധമാണ് ഞങ്ങൾ ചെയ്യുന്നത്. ജീവനെടുക്കാനെത്തുന്ന റഷ്യൻ സൈനികർക്ക് പിന്തിരിഞ്ഞോടുന്ന യുക്രെയിൻകാരെയല്ല, മുഖാമുഖം ഏറ്റുമുട്ടുന്ന ജനതയെയാണ് നേരിടേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'എനിക്കറിയാം, ഞാനാണവരുടെ ലക്ഷ്യമെന്ന്. രാജ്യത്തിന്റെ തലവനെത്തന്നെ ഇല്ലാതാക്കി യുക്രെയിനെ രാഷ്ട്രീയമായും ഇല്ലാതാക്കുകയാണ് അവർക്കു വേണ്ടത്. ഈ ലക്ഷ്യവുമായി ശത്രുവിന്റെ ആളുകൾ കീവിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. നിങ്ങളുമായി ഇനി സംസാരിക്കാൻ കഴിഞ്ഞേക്കുമോ എന്നറിയില്ല. ഒരു പക്ഷേ എന്നെ ജീവനോടെ അവസാനമായി കാണുന്ന സമയമാകാം ഇത്.’ – സെലെൻസ്കി യൂറോപ്യൻ യൂണിയൻ നേതാക്കളുമായി നടത്തിയ വിീഡിയോ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
തങ്ങളുടെ പ്രസിഡന്റ് എങ്ങനെ ഇതിനെ നേരിടുന്നുവെന്ന് ജനങ്ങളും കാണുന്നുണ്ട്.
രാജ്യത്തെ രക്തച്ചൊരിച്ചിലിലേക്ക് തള്ളിവിട്ട് ഗാലറിയിൽ കാഴ്ചക്കാരായി നിൽക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളോടുള്ള അമർഷം കഴിഞ്ഞദിവസം സെലൻസ്കി വ്യക്തമാക്കിയിരുന്നു