
കൊട്ടാരക്കര: തിരക്കേറിയ ബസുകളിൽ കയറുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ പണമോ, ആഭരണങ്ങളോ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെത്തുന്നവരോടാണ് ഈ നിർദ്ദേശം. ബസ് സ്റ്റേഷനും പരിസരവും മോഷ്ടാക്കളുടെ താവളമായി മാറുന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്ന സ്ത്രീ യാത്രക്കാരാണ് കൂടുതലായും മോഷ്ടാക്കളുടെ ഇര. തിരക്കുള്ള ബസുകളിൽ തിക്കി തിരക്കി കയറി ആഭരണങ്ങളും പഴ്സും കവരുന്നത് പതിവായിരിക്കുന്നു. തമിഴ്നാട് സ്വദേശികളായ മോഷ്ടാക്കളാണ് അധികവും. പത്തും പതിനഞ്ചും പേരടങ്ങുന്ന സ്ത്രീകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി പരസ്യമായും രഹസ്യമായും ഇവർ മോഷണവും പിടിച്ചുപറിയും തുടരുമ്പോഴും ഇവരെ പിടികൂടുന്നതിനോ നിയമ നടപടി സ്വീകരിക്കുന്നതിനോ അധികൃതർ തയ്യാറാകുന്നില്ല. എല്ലാം അറിഞ്ഞിട്ടും ബന്ധപ്പെട്ടവർ കണ്ണടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
പൊലീസ് എയ്ഡ് പോസ്റ്റില്ല
കഴിഞ്ഞ രണ്ടു വർഷമായി ബസ് സ്റ്റേഷനിൽ സന്ധ്യമയങ്ങിയാൽ വൈദ്യുത വിളക്കുകൾ കത്തില്ല. വർഷങ്ങളായി ബസ് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റും ഇപ്പോൾ ഇല്ല. അത് മോഷ്ടാക്കൾക്കും സാമൂഹ്യവിരുദ്ധർക്കും അനുഗ്രഹമായി. ആയിരക്കണക്കിനു യാത്രക്കാർ വന്നു പോകുന്ന ബസ് സ്റ്റേഷനിൽ പൊലീസ് എയ്ഡ് പോസ്റ്റ് പുന: സ്ഥാപിക്കണമെന്നും പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും വൈദ്യുത വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മോഷണം പലവിധം
ബാങ്കിൽ നിന്ന് പണയം വച്ച പണവുമായോ, ലോണെടുത്ത പണവുമായോ എത്തുന്നവരെ കണ്ടാൽ മോഷണസംഘം പിന്നാലെ കൂടും. ബസിൽ കയറുന്നവരുടെ പിന്നാലെ കയറി തന്ത്രപരമായി പണം അടങ്ങുന്ന പേഴ്സ് അപഹരിച്ച് ഒന്നുമറിയാത്ത പോലെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടും.
ഒരാഴ്ച മുൻപ് മൂവാറ്റുപുഴ നിന്ന് കൊട്ടാരക്കരയിലെത്തിയ ഫാസ്റ്റ് പാസഞ്ചർ ബസിൽ തമിഴ് നാട് സ്വദേശിയായ യുവതി വൃദ്ധയായ വീട്ടമ്മയുടെ പേഴ്സിൽ നിന്ന് പണം അപഹരിക്കാൻ ശ്രമം നടത്തി. സംഭവം കണ്ട കണ്ടക്ടർ ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി വൃദ്ധയായ യാത്രക്കാരിയുമായി പിടിവലി കൂടി. ഇതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ബസ് സ്റ്റേഷനിലുണ്ടായിരുന്ന മൈലം സ്വദേശിയായ യുവാവ് ഓടിച്ചിട്ടു പിടിച്ചു. ബസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ ഏൽപ്പിച്ചു. മോഷണത്തിന് വിധേയയായ വൃദ്ധ ശക്തമായ നിലപാടെടുത്തതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. രണ്ടു ദിവസം മുൻപും ഇതുപോലെ തിരക്കുള്ള ബസിനുള്ളിൽ പോക്കറ്റടിക്ക് തയ്യാറായ രണ്ടു നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു.