u

മോസ്കോ: യുക്രെയിനിൽ കടുത്ത ആക്രമണം തുടരുന്ന റഷ്യൻ സേനയുടെ മുന്നിൽ കീഴടങ്ങാതെ തലസ്ഥാനമായ കീവിൽ ചെറുത്തുനില്പ് തുടരവേ, സമാധാന ചർച്ചയ്ക്ക് സന്നദ്ധമാണെന്നും എന്നാൽ റഷ്യയുടെ ഉപാധികൾ സ്വീകാര്യമല്ലെന്നും പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കി.

അമേരിക്ക വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം നിരസിച്ച അദ്ദേഹം ആയുധമാണ് ആവശ്യമെന്നും പറഞ്ഞു. അഭയം നൽകാമെന്ന അമേരിക്കയുടെ നിർദ്ദേശവും തള്ളിയ സെലെൻസ്‌കി ഒളിച്ചോടില്ലെന്നും അവസാന ശ്വാസം വരെയും രാജ്യത്തെ സംരക്ഷിക്കുമെന്നും വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി.

പ്രസിഡന്റിന്റെ ഉറച്ച നിലപാടിൽ ആയുധമെടുത്ത് പോരാടാനുള്ള ആവേശത്തിലാണ് ജനങ്ങൾ. ബ്രിട്ടൺ അടക്കമുള്ള ഇരുപത്തിയഞ്ചോളം രാഷ്ട്രങ്ങൾ ആയുധമെത്തിക്കുമെന്ന് സൂചനയുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി യുക്രെയിൻ പ്രസിഡന്റ് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.ഇതോടെ റഷ്യ ആക്രമണം കൂടുതൽ ശക്തമാക്കി.

അതേസമയം, യു. എൻ രക്ഷാസമിതിയിൽ അമേരിക്ക മുൻകൈയെടുത്ത് കൊണ്ടുവന്ന അധിനിവേശ വിരുദ്ധ പ്രമേയം റഷ്യ വീറ്റോ ചെയ്‌ത് പരാജയപ്പെടുത്തി.

11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ഇന്ത്യയും ചൈനയും യു. എ. ഇയും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇന്ത്യൻ നിലപാടിനെ റഷ്യ സ്വാഗതം ചെയ്തു.

സമാധാനത്തിന് ഇടംകിട്ടാനായാണ് ഇരുപക്ഷവും ചേരാതെ ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതെന്ന് യു. എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി. എസ്. തിരുമൂർത്തി വിശദീകരിച്ചു.

മോദിയെ വിളിച്ച് സെലെൻസ്‌കി

യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് അധിനിവേശം തടയാൻ ഇന്ത്യ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. സൈനിക നടപടിയിൽ ജീവനും സ്വത്തിനുമുണ്ടായ നാശത്തിൽ വേദന പ്രകടിപ്പിച്ച മോദി,​ അടിയന്തരമായി വെടിനിറുത്തി ചർച്ച തുടരണമെന്നും ഇതിന് ഇന്ത്യയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും പറഞ്ഞു. യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ അടക്കം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

198 മരണം

# 198 പേർ മരിച്ചതായി യുക്രെയിൻ.

# 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്ക്

# കീവിൽ ചെറുത്തുനിൽപ്പ് ശക്തം, നിരോധനാജ്ഞ

# പാരാട്രൂപ്പർമാരെ ഇറക്കാനുള്ള റഷ്യൻ ശ്രമം വിജയിച്ചില്ല

#തെക്കൻ മേഖലയിലെ മെലിറ്റോപോൾ പിടിച്ചെന്ന് റഷ്യ

# ഒഡേസയിലും ഖാർകിവിലും പോരാട്ടമെന്ന് യുക്രെയിൻ

# 1.20 ലക്ഷംപേർ നാടുവിട്ടെന്ന് യു.എൻ.

# ഇംഗ്ലീഷ് ചാനലിൽ റഷ്യൻ ചരക്കു കപ്പൽ ഫ്രാൻസ് തടഞ്ഞു