
ബറോഡ: മനക്കരുത്തിന് മറ്റൊരു പദമുണ്ടെങ്കിൽ അതിനെ വേണമെങ്കിൽ വിഷ്ണു സോളാങ്കി എന്ന് വിളിക്കാം. ബറോഡ ബാറ്ററായ വിഷ്ണു സോളാങ്കിയുടെ സെഞ്ചുറി മികവിൽ ചണ്ഡിഗഢിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ബറോഡ ശക്തമായ നിലയിലാണ്. രണ്ടാം ദിവസമായ വെള്ളിയാഴ്ച കളി നിർത്തുമ്പോൾ ബറോഡയ്ക്ക് തങ്ങളുടെ എതിരാളികളെക്കാൾ 230 റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടായിരുന്നു. എന്നാൽ ഇതൊന്നുമല്ല വിഷ്ണുവിന്റെ സെഞ്ചുറിയെ വ്യത്യസ്തമാക്കുന്നത്.
തന്റെ മകളുടെ സംസ്കാര ചടങ്ങ് പൂർത്തിയാക്കിയ ശേഷമാണ് വിഷ്ണു ബറോഡയ്ക്കായി രഞ്ജിയിൽ കളിക്കാനെത്തിയത്. ഈ മാസം 11ന് ആയിരുന്നു വിഷ്ണുവിന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. വിവരം അറിഞ്ഞ വിഷ്ണു ഉടൻ തന്നെ തന്റെ വീട്ടിലേക്ക് തിരിച്ചു. ഇതിനാൽ ബറോഡയുടെ ആദ്യ രഞ്ജി മത്സരത്തിൽ കളിക്കാൻ വിഷ്ണുവിന് സാധിച്ചിരുന്നില്ല. എന്നാൽ വിഷ്ണുവിനെയും ഭാര്യയേയും കണ്ണീരിലാഴ്ത്തി 24 മണിക്കൂറിനുള്ളിൽ ആ കുഞ്ഞ് മരണമടഞ്ഞു. കുട്ടിയുടെ സംസ്കാര ചടങ്ങുകൾക്കായി വീട്ടിൽ തന്നെ തുടർന്ന വിഷ്ണു കഴിഞ്ഞ ദിവസം മാത്രമാണ് ടീമിനോടൊപ്പം ചേർന്നത്.
ചണ്ഡിഗഢിനെതിരെ സെഞ്ചുറി നേടിയ വിഷ്ണു നേട്ടം മരിച്ചു പോയ തന്റെ മകൾക്കായി സമർപ്പിച്ചു. 104 റണ്ണെടുത്ത് പുറത്തായ വിഷ്ണുവിന്റെ മികവിൽ ബറോഡ ഒന്നാം ഇന്നിംഗ്സിൽ 517 റൺസിന്രെ കൂറ്റൻ സ്കോർ പടുത്തുയർത്തി. മൂന്നാം ദിനമായ ഇന്ന് കളി അവസാനിപ്പിക്കുമ്പോൾ ചണ്ഡിഗഢ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 234 റണ്ണെടുത്തിട്ടുണ്ട്. ഒരു ദിവസത്തെ കളി കൂടി അവശേഷിക്കുമ്പോൾ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ചണ്ഡിഗഢിന് ഇനിയും 115 റൺസ് അധികം വേണം.