vidya

കിളിമാനൂർ: സംസാരശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ടായി ആശയവിനിമയം നടത്താൻ സഹായകമായ ഉപകരണം നിർമ്മിച്ച് കിളിമാനൂർ വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്‌നിക്കൽ കാമ്പസ് വിദ്യാർത്ഥികളും അദ്ധ്യാപകരും. ഓട്ടിസം ബാധിച്ച കുട്ടികൾ ഉപയോഗിക്കുന്ന വാക്കുകൾ റെക്കാഡ് ചെയ്‌ത് പിന്നീട് അവശ്യഘട്ടങ്ങളിൽ ആശയവിനിമയത്തിന് ഉപയോഗിക്കാവുന്ന ഉപകരണമാണ് നിർമ്മിച്ചത്.

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് കേരള ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുമായി ചേർന്ന് ഇത്തരത്തിലൊരു ഉപകരണം നിർമ്മിക്കാൻ കോളേജ് വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. മികച്ച ഉപകരണങ്ങൾ നിർമ്മിച്ച അഞ്ച് കോളേജുകളിൽ ഒന്നെന്ന നേട്ടമാണ് വിദ്യ എൻജിനിയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം സ്വന്തമാക്കിയത്.

കോളേജ് മാനേജ്‌മെന്റ്, പ്രിൻസിപ്പിൽ ഡോ.ടി. മാധവരാജ് രവികുമാർ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം ഹെഡ് ഡോ.ആർ. നീതു രാജ് എന്നിവരുടെ പിന്തുണയോടെയും അസിസ്റ്റന്റ് പ്രൊഫസർമാരായ എസ്.ജി. ശ്രീജിത, ഡോൺ ശിവൻ, അശ്വതി വി. നായർ, ഇൻസ്‌ട്രക്‌ടർമാരായ വി.ജി. ബ്രിജു, സി.ബി. ചന്ദ്രമോഹൻ, എസ്.ബി. അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ അഞ്ചാം സെമസ്‌റ്റർ വിദ്യാർത്ഥികളായ ബി.എസ്. സുബീഷ്ദേവ്, ജെറിൻ ജോസഫ് സെബാസ്‌റ്റ്യൻ, യു. അജയ് കൃഷ്‌ണ, എം.ജെ. മോജിത് എന്നിവരാണ് ഉപകരണം നിർമ്മിച്ചത്.