
തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ സി.സി ടിവി കാമറ സ്ഥാപിക്കാൻ ടെൻഡർ മാനദണ്ഡങ്ങൾ മറികടന്ന് 5.75 കോടിയുടെ കരാർ അംഗീകാരമില്ലാത്ത സ്വകാര്യകമ്പനിക്ക് നൽകാനുള്ള നീക്കം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് തടഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട മന്ത്രി ടെൻഡർ റദ്ദാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് റീ ടെൻഡർ നടത്താൻ പൊതുമരാമത്ത് ചീഫ് എൻജിനിയർ ഉത്തരവിട്ടു.
പൊതുമരാമത്ത് വകുപ്പിലെ തൃശൂർ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറാണ് ചട്ടങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് ടെൻഡർ സ്വീകരിച്ചത്. അഞ്ചുകോടിക്കു മുകളിലുള്ള ടെൻഡറുകളിൽ പൊതുമരാമത്ത് മാനുവൽ പ്രകാരമുള്ള പ്രീ ക്വാളിഫിക്കേഷൻ യോഗ്യതകൾ ഹാജരാക്കണം. അതിന്റെ നിർവ്വഹണം ചീഫ് എൻജിനിയറാണ് നടത്തേണ്ടത്. ഇവിടെ ആ മാനദണ്ഡങ്ങൾ പാലിച്ചില്ല. എക്സിക്യുട്ടീവ് എൻജിനിയർ അതൊന്നും ഗൗനിച്ചതുമില്ല.
അഴിമതിക്കുള്ള നീക്കം നടക്കുന്നതായി വിവരം ലഭിച്ചതിനെതുടർന്ന്
പ്രാരംഭ അന്വേഷണം നടത്താൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ടെൻഡറിൽ പങ്കെടുക്കുന്നവർ മാനുവൽ പ്രകാരമുള്ള രജിസ്റ്റേർഡ് കോൺട്രാക്ടറല്ലെങ്കിൽ ആദ്യമെ തന്നെ ആ ടെൻഡർ നിരസിക്കേണ്ടതാണ്. എ ക്ളാസ് രജിസ്റ്റേർഡ് കോൺട്രാക്ടർമാരെ മാത്രമേ ഇത്തരം ടെൻഡറുകളിൽ പങ്കെടുപ്പിക്കാവൂ എന്നാണ് നിയമം. ടെൻഡർ സ്ക്രൂട്ടിണിക്കായി എക്സിക്യുട്ടിവ് എൻജിനിയർ അയച്ച രേഖകളിൽ വിവാദ കരാറുകാരന്റെ വിവരങ്ങൾ പോലും അപര്യാപ്തമായിരുന്നു.
ഏറ്റവും താഴ്ന്ന നിരക്കിലുള്ള ടെൻഡർ എന്ന നിലയിൽ ആഡ്ടെക്ക് എന്ന സ്വകാര്യ കമ്പനിയെ എക്സിക്യുട്ടീവ് എൻജിനിയർ ശുപാർശചെയ്യുകയായിരുന്നു. കെൽട്രോൺ ഈ ടെൻഡറിൽ പങ്കെടുത്തിരുന്നെങ്കിലും പിന്തള്ളപ്പെട്ടു. എന്തുകൊണ്ട് കെൽട്രോണിനെ ഒഴിവാക്കിയെന്നും എക്സിക്യുട്ടീവ് എൻജിനിയർ വ്യക്തമാക്കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ടെൻഡർ നടപടികൾ റദ്ദാക്കാനും ഗുരുതരമായ വീഴ്ചയ്ക്ക് എക്സിക്യുട്ടീവ് എൻജിനിയറോട് വിശദീകരണം തേടാനും തീരുമാനിച്ചത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കർശന നടപടികൾ സ്വീകരിക്കും.