ukraine

മോസ്കോ : യുക്രെയിൻ തലസ്ഥാനമായ കീവ് പിടിച്ചടക്കി യുദ്ധത്തിൽ സമ്പൂർണ വിജയം നേടാനുള്ള റഷ്യൻ നീക്കത്തെ തങ്ങളാലാവും വിധം പ്രതിരോധിച്ച് യുക്രയിൻ സൈന്യം. റഷ്യൻ സൈന്യവുമായി ശക്തമായ ഏറ്റുമുട്ടൽ നടക്കുകയാണെന്നും കീവ് ഇപ്പോഴും യുക്രെയിൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അവകാശപ്പെട്ടു. യുദ്ധത്തിനെതിരെ റഷ്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് നന്ദി പറഞ്ഞ സെലെൻസ്‌കി അധിനിവേശം അവസാനിപ്പിക്കാൻ പുട്ടിന് മേൽ സമ്മർദ്ദം ചെലുത്താൻ റഷ്യൻ ജനതയെ ആഹ്വാനം ചെയ്തു.

അതേസമയം, ചർച്ചയ്ക്കായുള്ള പുട്ടിന്റെ ക്ഷണം സെലെൻസ്‌കി നിഷേധിച്ചെന്ന റഷ്യൻ അവകാശവാദം യുക്രയിൻ തള്ളി. റഷ്യ ചർച്ചയ്ക്കായി വച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യുക്രെയിൻ പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, ഇംഗ്ലീഷ് ചാനലിൽ ഫ്രാൻസ് റഷ്യൻ ചരക്കു കപ്പൽ പിടിച്ചെടുത്തു. റഷ്യയിലെതുറമുഖ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കാറുകളുമായി പോകുകയായിരുന്ന ബാൾട്ടിക് ലീഡർ എന്ന കപ്പലാണ് പിടിച്ചെടുത്തത്. റഷ്യയ്‌ക്കെതിരെ യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ചതിനാണ് നടപടി.

അനധികൃതമായി കപ്പൽ പിടിച്ചുവെച്ചതിൽ റഷ്യ ഫ്രഞ്ച് അധികൃതരോട് വിശദീകരണം തേടി.

യൂറോപ്യൻ യൂണിയൻ റഷ്യക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ യൂറോപ്പുമായുള്ള എല്ലാ ബഹിരാകാശ കരാറുകളും റഷ്യ റദ്ദാക്കി. റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് യൂറോപ്യൻ രാജ്യങ്ങളുമായി ഒപ്പിട്ട കരാറുകൾ റദ്ദാക്കും. ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇനി വിക്ഷേപണം നടത്തില്ല. മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കുള്ള സാങ്കേതിക സഹായങ്ങളും നിർത്തലാക്കുമെന്നും റോസ്‌കോസ്‌മോസ് അറിയിച്ചു.

( ഗ്രീനിച്ച് സമയക്രമ പ്രകാരം )

കീവിൽ ശക്തമായ ഏറ്റുമുട്ടൽ

ഫെബ്രുവരി 26, ശനിയാഴ്ച - മൂന്നാം ദിനം

( ഗ്രീനിച്ച് സമയം അർദ്ധരാത്രി 12.00 - ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5.30 )

 അർദ്ധരാത്രി 12.00 - യുക്രെയിന്റെ വിധി ഇപ്പോൾ തീരുമാനിക്കപ്പെടുമെന്ന് യു.എന്നിലെ യുക്രെയിൻ പ്രതിനിധി

 12.05 - പുട്ടിനെതിരെ നേരിട്ടുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും റഷ്യൻ ഉന്നതർക്കെതിരെ സാമ്പത്തിക ഉപരോധം കടുപ്പിച്ചെന്നും ഓസ്ട്രേലിയ

 12.20 - യുദ്ധം അവസാനിപ്പിക്കണമെന്ന റഷ്യയോട് യു.എൻ ജനറൽ സെക്രട്ടറി ആന്റണിയോ ഗുട്ടറെസ്.

 12.36 - കീവിലേക്ക് റഷ്യൻ സേനയുടെ ആക്രമണം ശക്തമാകുന്നു. തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ ശക്തമാക്കുന്നു

 2.22 - കീവിൽ സ്ഫോടനം

 2.32 - കീവിലെ യുക്രെയിൻ ആർമി ബേസിന് നേരെ റഷ്യൻ ആക്രമണം. ചെറുത്തുനില്പ് നടത്തിയതായി യുക്രെയിൻ

 3.36 - ബെലറൂസിന് ജപ്പാന്റെ ഉപരോധം

 4.37 - കീവിൽ ശക്തമായ ഏറ്റുമുട്ടൽ. കൂടുതൽ റഷ്യൻ സേനാ സാന്നിദ്ധ്യം

 5.44 - സുമി,​ പോൾട്ടാവ,​ മരിയുപോൾ എന്ന എന്നിവിടങ്ങളിൽ റഷ്യയുടെ മിസൈൽ, വ്യോമാക്രമണങ്ങൾ. കരിങ്കടലിൽ നിന്ന് യുക്രെയിനിലേക്ക് റഷ്യ കാലിബർ ക്രൂസ് മിസൈൽ വിക്ഷേപിച്ചു

 6.16 - യുക്രെയിന് 600 ദശലക്ഷം ഡോളറിന്റെ സൈനിക സഹായത്തിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതി

 6.30 - ആയുധങ്ങൾ താഴെവയ്ക്കില്ലെന്ന് സെലെൻസ്കിയുടെ വീഡിയോ സന്ദേശം

 6.49 - യുക്രെയിന്റെ വിവിധ ഭാഗങ്ങളിൽ സൈനിക കേന്ദ്രങ്ങൾക്ക് നേരെ റഷ്യയുടെ ക്രൂസ് മിസൈൽ ആക്രമണം. മെലിറ്റോപോൾ റഷ്യ പിടിച്ചെടുത്തു

 7.00 - യൂറോപ്യൻ യൂണിയൻ ഉപരോധത്തിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഗയാനയിൽ നിന്നുള്ള ബഹിരാകാശ വിക്ഷേപണങ്ങൾ താത്കാലികമായി നിറുത്തുന്നതായി റഷ്യയുടെ റോസ്കോസ്മോസ്

 7.44 - കീവ് എയർപോർട്ടിന് സമീപം അപ്പാർട്ട്മെന്റിൽ മിസൈൽ പതിച്ചു. ആളപായമില്ലെന്ന് പ്രാഥമിക വിവരം

 8.15 - 800 ലേറെ സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തു. 14 മിലിട്ടറി എയർഫീൽഡ്, 24 എസ് - 300 ആന്റി എയർക്രാഫ്റ്റ് മിസൈൽ സിസ്റ്റം, 48 റഡാർ സ്റ്റേഷനുകൾ, 8 നാവിക കപ്പലുകൾ എന്നിവ ഇതിൽപ്പെടുന്നു

 8.31- കീവ് ഇപ്പോഴും തങ്ങളുടെ കൈവശമെന്നും പോരാട്ടം തുടരുന്നുവെന്നും യുക്രെയിൻ

 8.47 - മോസ്കോയിൽ നിന്ന് യുക്രെയിൻ എംബസി ജീവനക്കാരെ ലാത്വിയയിലേക്ക് ഒഴിപ്പിക്കാൻ തീരുമാനം

 9.39 - യുക്രെയിനിൽ മരണം 198 ആയതായി ആരോഗ്യമന്ത്രി. ഇതിൽ മൂന്ന് കുട്ടികളുണ്ട്. 1,115 പേർക്ക് പരിക്ക്; ഇതിൽ 33 കുട്ടികൾ

 10.02 - റഷ്യയുമായി അടുത്ത മാസം ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരം കളിക്കില്ലെന്ന് പോളണ്ട്

 10.26 - തെക്ക് കിഴക്കൻ യുക്രെയിനിലെ സെപോറിഷ്യയിൽ റഷ്യൻ വ്യോമാക്രമണം

 10.35 - യുക്രെയിനിൽ വിവിധയിടങ്ങളിൽ ഇന്റർനെറ്റ് ബന്ധം തകരാറിലായി

 11.34 - ഏകദേശം 100,000 പേർ ഇതുവരെ യുക്രെയിനിൽ നിന്ന് രാജ്യത്തേക്ക് എത്തിയെന്ന് പോളണ്ട്

 11.58 - കീവിൽ കർഫ്യൂ കടുപ്പിച്ചു. വൈകിട്ട് 5 മുതൽ രാവിലെ 8 വരെ നീട്ടി

 12.13 - അറ്റ്ലാൻഡിക് സമുദ്രത്തിൽ ഇംഗ്ലീഷ് ചാനലിൽ റഷ്യൻ ചരക്ക് കപ്പൽ ഫ്രാൻസ് പിടിച്ചെടുത്തു

 1.56 - ബൾഗേറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ വലിക്കേർപ്പെടുത്തി റഷ്യ

 2.00 - റഷ്യൻ യുദ്ധക്കപ്പലുകളെ കരിങ്കടലിലേക്ക് പ്രവേശിക്കുന്നത് തുർക്കി വിലക്കിയതായി യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കി

 2:35 -നാറ്റോയുടെ ഭാഗമായ യു.കെ സേന കിഴക്കൻ യൂറോപ്പിലെത്തി

 ഉച്ചതിരിഞ്ഞ് 2:55 - റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് എസ്റ്റോണിയ, റൊമേനിയ

( ഗ്രീനിച്ച് സമയം ഉച്ചതിരിഞ്ഞ് 2:55 - ഇന്ത്യൻ സമയം രാത്രി രാത്രി 8.25 )