vishnu-vinod

വിഷ്ണു വിനോദിന് സെഞ്ച്വറി

രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് വിജയ പ്രതീക്ഷ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഗുജറാത്ത് രണ്ടാം ഇന്നിംഗ്സിൽ 128/5 എന്ന നിലയിൽ തകർച്ചയിലാണ്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 77 റൺസിന്റെ മാത്രം ലീഡെ അവർക്കുള്ളൂ. നേരത്തേ കേരളം ഒന്നാം ഇന്നിംഗ്സിൽ 439 റൺസ് നേടി 51 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. സെഞ്ച്വറിയുമായി പൊരുതിയ വിഷ്ണു വിനോദാണ് മൂന്നാം ദിനം കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. വാലറ്റക്കാരെ കൂട്ടുപിടിച്ച് കേരളത്തെ മുന്നോട്ടുകൊണ്ടുപോയ വിഷ്ണു 143 പന്ത് നേരിട്ട് 15 ഫോറും 1 സിക്സും ഉൾപ്പെടെ 113 റൺസെടുത്തു. ഏദൻ ആപ്പിൾ ടോം 34 പന്തിൽ 3 ഫോറുൾപ്പെടെ 16 റൺസ് നേടി. സ്കോർ: ഗുജറാത്ത് 388/10,128/5. കേരളം 439/10.

277/4 എന്ന നിലയിൽ രാവിലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിനായി വിഷ്ണുവും വത്സൽ ഗോവിന്ദും (85 പന്തിൽ 25) ചേർന്ന് 5-ാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 98 റൺസിന്റെ കൂട്ടുകെട്ട് നിർണായകമായി. നേരത്തെ രോഹൻ എസ്. കുന്നുമ്മലും കേരളത്തിനായി സെഞ്ച്വറി നേടിയിരുന്നു. ഗുജറാത്തിനായി സിദ്ധാർത്ഥ് ദേശായി വിക്കറ്റ് വീഴ്ത്തി. അർസാൻ നഗ്‌വാസ്വല്ല 3 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഗുജറാത്തിന് 85റൺസ് നേടുന്നതിനിടെ തന്നെ 5വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ബേസിൽ തമ്പി രണ്ടും സിജോമോൻ, നിധീഷ്, ജലജ് എന്നിവർ ഓരോവിക്കറ്റ് വീതവും വീഴ്ത്തി.