ukraine

ലണ്ടൻ: യുക്രെയിനിൽ റഷ്യൻ അധിനിവേശത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയ പ്രതിഷേധങ്ങൾ ശക്തം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ ഓസ്ട്രേലിയ മുതൽ അർജന്റീന വരെ വിവിധ രാജ്യങ്ങളിൽ പ്രതിഷേധം അരങ്ങേറി. യുക്രെയിൻ പതാകകളുമേന്തി നിരവധി പേർ ഓസ്ട്രേലിയയിലെ സിഡ്നിയിൽ അണിനിരന്നു.

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ' പുട്ടിനെ തടയുക " എന്ന പ്ലക്കാർഡുകളുമായി മാർച്ച് നടന്നു. ജപ്പാനിലെ ടോക്കിയോയിൽ നൂറുകണക്കിന് പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ദക്ഷിണ കൊറിയയിലെ യുക്രെയിൻ പൗരന്മാർ തലസ്ഥാനമായ സോളിലെ സെന്റ് നിക്കോളാസ് കത്തീഡ്രലിൽ രാജ്യത്തെ യുക്രെയിൻ പ്രതിനിധിയായ ഡിമിട്രോ പൊണോമറെങ്കോയ്ക്കൊപ്പം പ്രത്യേക സമാധാന പ്രാർത്ഥന നടത്തി.

അതേ സമയം, റഷ്യയിലും യുക്രെയിന് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരത്തിലേറെ പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. സെന്റ് പീറ്റേഴ്സ് ബർഗിലും മോസ്കോയിലും ഉൾപ്പെടെ നടന്ന പ്രതിഷേധങ്ങളിൽ 1,000ത്തിലേറെ പേർ അറസ്റ്റിലാവുകയും ചെയ്തു.

യുക്രെയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.കെയിൽ ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുകളിലെ ദേശീയ പതാകയായ യൂണിയൻ ജാക്കിനൊപ്പം യുക്രെയിന്റെ ദേശീയ പതാകയും ഉയർത്തി. പാരീസിലെ ഈഫൽ ടവറിൽ യുക്രെയിനിന്റെ പതാകയിലെ നിറങ്ങളായ മഞ്ഞയും നീലയും പ്രകാശം കഴിഞ്ഞ മൂന്ന് രാത്രികളിലും തെളിയിച്ചു.

ഗ്രീസിൽ ഏതൻസിലെ റഷ്യൻ എംബസിക്ക് പുറത്ത് ആയിരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി. ലണ്ടൻ, മാഡ്രിഡ്, ബെർലിൻ, റോം എന്നീ യൂറോപ്യൻ നഗരങ്ങളിൽ പ്രതിഷേധം അരങ്ങേറി. അതേസമയം, തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ ജനങ്ങളും യുക്രെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. അർജന്റീനയിൽ ബ്യൂണേസ് ഐറീസിലെ റഷ്യൻ എംബസിയ്ക്ക് നേരെയും ബ്രസീലിൽ സാവോ പോളോ നഗരത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.