bumrah

ധരംശാല: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി ട്വന്റിയിൽ ഇന്ത്യയ്ക്ക് കൂറ്റൻ വി‌ജയലക്ഷ്യം. ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മുന്നിൽ തകർത്ത് കളിച്ച ശ്രീലങ്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റണ്ണെടുത്തു. ഓപ്പണർമാരായ പതും നിസ്സങ്കയും (75) ധനുഷ്ക ഗുണതിലകയും (38) ചേർന്ന് മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ 52 പന്തിൽ 67 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ചേർന്ന് ശ്രീലങ്കയ്ക്ക് ആക്രമിച്ച് കളിക്കാനുള്ള അടിത്തറ പാകി.

എന്നാൽ ഒൻപതാം ഓവറിൽ ഗുണതിലക പുറത്തായതോടെ ശ്രീലങ്കയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകാൻ ആരംഭിച്ചു, ഒരു സമയത്ത് വിക്കറ്റ് നഷ്ടം കൂടാതെ 67 റൺസെടുത്തിരുന്ന ശ്രീലങ്ക 102ന് നാല് എന്ന നിലയിലേക്ക് വളരെ പെട്ടെന്ന് കൂപ്പുകുത്തി. തുടർന്ന് നിസങ്കയോടൊപ്പം ക്രീസിൽ ഒത്തുചേർന്ന ക്യാപ്ടൻ ദസുൻ ശനക ഉറച്ചുനിന്നതോടെ ലങ്ക പതിയെ കരകയറി. ശ്രീലങ്കയുടെ സ്കോർ 160ൽ എത്തിയപ്പോൾ നിസങ്ക പുറത്തായതോടെ തനിസ്വരൂപം കാട്ടിയ ശനക, ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. അവസാന ഓവറുകളിൽ ശനക നടത്തിയ ആക്രമണ ബാറ്റിംഗാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തുകളിൽ നിന്ന് 47 റണ്ണെടുത്ത ശനക പുറത്താകാതെ നിന്നു.

ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു. എന്നാൽ ജസ്പ്രീത് ബുമ്രയ്ക്കും യുസ്‌വേന്ദ്ര ചാഹലിനും ഒഴിച്ചുള്ള എല്ലാവർക്കും കണക്കിന് തല്ലും കിട്ടി. നാല് ഓവറിൽ 52 റൺ വിട്ടുകൊടുത്ത ഹർഷൽ പട്ടേലിനാണ് ഏറ്റവും കൂടുതൽഅടി കിട്ടിയത്.