
വാഴ്സോ: യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഫുട്ബാൾ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മത്സരത്തിൽ റഷ്യയ്ക്കെതിരെ കളിക്കില്ലെന്ന് പോളണ്ട്. മാർച്ച് 24ന് മോസ്കോയിലാണ് റഷ്യയും പോളണ്ടും തമ്മിലുള്ല പ്ലേഓഫ് മത്സരം നിശ്ചയിച്ചിരുന്നത്. ഇത് പ്രവർത്തിക്കാനുള്ള സമയമാണ്. യുക്രെയിനെതിരെ റഷ്യയുടെ ആക്രമണം രൂക്ഷമായതിനാൽ അവർക്കെതിരെ നിശ്ചയിച്ചിരിക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരം കളിക്കാൻ പോളണ്ട് താത്‌പര്യപ്പെടുന്നില്ല. അതാണ് ശരിയായ തീരുമാനം. പോളിഷ് ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് സെസാരി കുലേസ വ്യക്തമാക്കി.
അസോസിയേഷന്റെ തീരുമാനത്തിന് പൂർണ പിന്തുണയുമായി ക്യാപ്ടനും നിലവിലെ ലോക ഫുട്ബാളറുമായ റോബർട്ട് ലെവൻഡോവ്‌സ്കിയും രംഗത്തെത്തി. ഇത് ശരിയായ തീരുമാനമാണെന്നും ഈ സാഹചര്യത്തിൽ റഷ്യയ്ക്കെതിരെ ഫുട്ബാൾ കളിക്കുന്നത് ആലോചിക്കാൻ പോലുമാകില്ലെന്ന് ലെവൻഡോവ്‌സ്കി ട്വീറ്റ് ചെയ്തു. റഷ്യൻ താരങ്ങളും ആരാധകരും ഇതിന് ഉത്തരവാദികളല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.