kerala-blasters

തിലക് മൈതാൻ: സസ്പെൻഷൻ കാരണം കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്ന പെരേയ്‌ര ഡയസ് ടീമിലേക്കുള്ള തന്റെ തിരിച്ചു വരവ് ആഘോഷമാക്കിയത് ചെന്നൈയിൻ എഫ് സിക്കെതിരെ രണ്ട് തവണ വലകുലുക്കി കൊണ്ട്. അതിനൊപ്പം ക്യാപ്ടൻ അഡ്രിയാൻ ലൂണയുടെ കിടിലനൊരു ഫ്രീകിക്ക് ഗോൾ കൂടിയായതോടെ കേരളാ ബ്‌ളാസ്റ്റേഴ്സിനെ കാത്തിരുന്നത് ബദ്ധവൈരികളായ ചെന്നൈയിൻ എഫ് സിക്കെതിരായ മൂന്ന് ഗോളിന്റെ ഏകപക്ഷീയമായ വിജയം. ഇന്നത്തെ വിജയത്തോടെ ബ്‌ളാസ്റ്റേഴ്സ് ഐ എസ് എല്ലിലെ സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി.

ഗോളൊന്നും വീഴാതെ വിരസമായ ആദ്യപകുതിക്ക് ശേഷം കനത്ത ആക്രമണ ഫുട്ബാളാണ് ഇരുടീമുകളും രണ്ടാം പകുതിയിൽ കാഴ്ചവച്ചത്. രണ്ടാം പകുതിയുടെ 52ാം മിനിട്ടിലാണ് പെരേയ്‌ര മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടുന്നത്. മൂന്ന് മിനിട്ടിനുള്ളിൽ പെരേയ്‌ര തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. മത്സരം തീരാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ക്യാപ്ടൻ അഡ്രിയാൻ ലൂണ നേരിട്ടുള്ള ഫ്രീകിക്കിലൂടെ ബ്‌ളാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. മത്സരത്തിലെ ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്.

പെനാൽട്ടി ബോക്സിന്റെ പുറത്ത് നിന്ന് തൊടുത്ത ഷോട്ട് ഇടതുവശത്തു നിന്ന് വായുവിലൂടെ വലത്തേക്ക് സഞ്ചരിച്ച ശേഷം കുത്തനെ നെറ്റിലേക്ക് പതിക്കുകയായിരുന്നു.

ഈ വിജയത്തോടെ ബ്‌ളാസ്റ്റേഴ്സിന് 18 മത്സരങ്ങളിൽ നിന്ന് 30 പൊയിന്റായി. പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബ്‌ളാസ്റ്റേഴ്സിന് സെമിഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിലും വിജയം അനിവാര്യമാണ്. 35 പൊയിന്രോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് സെമിഫൈനൽ യോഗ്യത നേടിയിട്ടുണ്ട്.