
മോസ്കോ : യുക്രെയിന് നേരെ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയായിരുന്ന നോസ്ട്രഡാമസ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. 2022ൽ യൂറോപ്പിൽ ഒരു യുദ്ധം നടക്കുമെന്ന് നോസ്ട്രഡാമസ് പറഞ്ഞിരുന്നെന്നാണ് ചിലരുടെ അവകാശവാദം. നോസ്ട്രഡാമസിന്റെ കൃതികളിൽ ഗവേഷണം നടത്തുന്ന ചിലരാണ് അദ്ദേഹം ഇങ്ങനെയൊരു പ്രവചനം നടത്തിയെന്ന് പറയുന്നത്. 1503ൽ ഫ്രാൻസിൽ ജനിച്ച നോസ്ട്രഡാമസ് ഒരു ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും ആയിരുന്നു.
മൈക്കൽ ഡി നോസ്ട്രഡാം എന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ ' ലെസ് പ്രൊഫെറ്റീസ് ' എന്ന പേരിൽ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തിൽ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. 1666ൽ ലണ്ടൻ നഗരത്തിലെ തീപിടിത്തം, ജോൺ എഫ്. കെന്നഡിയുടെ വധം, ഹിറ്റ്ലർ, ഫ്രഞ്ച് വിപ്ലവം, നോപ്പോളിയൻ ബോണപ്പാർട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അറ്റോമിക് ബോംബ് ആക്രമണം, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചർ സ്പെയ്സ് ഷട്ടിൽ ദുരന്തം, കൊവിഡ് മഹാമാരി തുടങ്ങിയവ ഒക്കെ നോസ്ട്രഡാമസിന്റെ പ്രവചങ്ങളുമായി ബന്ധിപ്പിക്കുന്നവർ ഏറെയാണ്. സ്വന്തം മരണം പോലും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായാണ് മറ്റൊരു വാദം.
1566 ജൂലായ് 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് അന്തരിച്ചത്. നോസ്ട്രഡാമസിന്റെ കല്ലറ ഇന്നും ദക്ഷിണ ഫ്രാൻസിൽ കാണാം. നോസ്ട്രഡാമസിന്റെ കൃതിയിൽ നാലുവരി വീതമുള്ള കവിതകൾ കാണാം. ഇവ അവ്യക്തവും അർത്ഥം മനസിലാക്കാൻ വളരെ പ്രയാസമുള്ളതുമാണ്. നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ ഒന്നും വരികളിൽ കാണാനാകില്ല.
അതുകൊണ്ട് തന്നെ ഇവ എങ്ങനെ പ്രവചനങ്ങളായി കണക്കാക്കുമെന്നാണ് പലരും ചോദിക്കുന്നത്. നോസ്ട്രഡാമസിന്റെ കവിതകളിലെ യാഥൃശ്ചികതയെ ലോകത്തുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്താനാണ് പലരും ശ്രമിക്കുന്നതെന്നും എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്നും ഗവേഷകർ പറയുന്നു. നോസ്ട്രഡാമസിന്റെ പ്രവചനമെന്ന പേരിൽ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ കറങ്ങിനടക്കുന്നത്.