blasters

സതേൺ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

ചെന്നൈയിനെ 3-0ത്തിന് കീഴടക്കി

പോയിന്റ് ടേബിളിൽ നാലാമത്

തിലക്‌ മൈതാൻ : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന സേതൺ ഡെർബി പോരാട്ടത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ചെന്നൈയിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് സെമി പ്രതീക്ഷകൾ സജീവമാക്കി. ഇരട്ടഗോളുമായി കളം നിറഞ്ഞ ജോർഗെ പെരേര ഡയസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമുറപ്പിച്ചത്. അഡ്രിയാൻ ലൂണ ഒരുവ ഗോൾ നേടി. സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന ബ്ലാസ്‌റ്റേഴ്‌സ്‌ ചെന്നൈയിനെതിരെ ഒന്നാന്തരം കളിയാണ് പുറത്തെടുത്തത്. പതിനെട്ട്‌ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ എട്ട്‌ ജയമുൾപ്പെടെ 30 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു ബ്ലാസ്‌റ്റേഴ്‌സ്‌. ഇനി രണ്ട്‌ മത്സരങ്ങളാണ്‌ ശേഷിക്കുന്നത്‌.ഹൈദരാബാദിനെതിരെ ഇറങ്ങിയ ടീമിൽ കോച്ച് ഇവാൻ വുകോമനോവിച്ച്‌ മാറ്റങ്ങൾ വരുത്തി. പ്രതിരോധത്തിൽ വി.ബിജോയിക്ക്‌ പകരം ഹോർമിപാം എത്തി. ഹർമൻജോത്‌ ഖബ്ര , മാർകോ ലെസ്കോവിച്ച്, സഞ്‌ജീവ്‌ സ്‌റ്റാലിൻ എന്നിവർ തുടർന്നു. മധ്യനിരയിൽ സഹൽ അബ്ദുൾ സമദിന് പകരം വിൻസി ബരെറ്റോ ആദ്യ പതിനൊന്നിൽ എത്തി. ആയുഷ് അധികാരി,പുയ്‌ട്ടിയ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എന്നിവരായിരുന്നു മധ്യനിരയിലെ മറ്റുള്ളവർ. മുന്നേറ്റത്തിൽ ജോർജ് ഡയസ്‌ ചെഞ്ചോയ്‌ക്ക്‌ പകരം വന്നപ്പോൾ അൽവാരോ വാസ്കസ്‌ തുടർന്നു. ഗോൾ വല കാത്തത് പ്രഭ്സുഖൻ ഗില്ലായിരുന്നു.

തുടക്കം മുതലേ ബ്ലാസ്റ്റേഴ്സ് ചെന്നൈയിനിന്റെ ഗോൾ മുഖത്തേക്ക് ആക്രമിച്ചെത്തി. ഗോൾ രഹിതമായ ഇടവേളയ്ക്ക് ശേഷം രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്ററേഴ്സിന്റെ മൂന്ന് ഗോളുകളും പിറന്നത്. രണ്ടാം പകതുതിയിൽ സഹൽ പകരക്കാരനായെത്തിയതും ബ്ലാസ്റ്റേഴ്സിന് ഗുണമായി. മൂന്ന് മിനിട്ടിന്റെ ഇടവേളയിലായിരുന്നു ഡയസിന്റെ ഗോളുകൾ വന്നത്. 52,​ 55 മിനിട്ടുകളിൽ. 90-ാം മിനിട്ടിൽ മനോഹരമായ ഫ്രീകിക്കിലൂടെയാണ് ലൂണ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. മാർച്ച്‌ രണ്ടിന്‌ മുംബയ് സിറ്റിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ആറിന്‌ അവസാന ലീഗ്‌ മത്സരത്തിൽ ഗോവയെയും നേരിടും.