
ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയും ഇന്ത്യയ്ക്ക്
രണ്ടാം മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം
ശ്രേയസ്, സഞ്ജു, ജഡേജ തിളങ്ങി
ധർമ്മശാല: ഇന്നലെ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിൽ ശ്രീലങ്കയെ 7 വിക്കറ്റിന് കീഴടക്കി ഒരുകളികൂടി ശേഷിക്കെ പരമ്പര ഇന്ത്യ (2-0) സ്വന്തമാക്കി. ധർമ്മശാല വേദിയായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 17.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (186/3).
തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യരും ( 44 പന്തിൽ 74) വെടിക്കെട്ടുമായി രവീന്ദ്ര ജഡേജയും (18 പന്തിൽ 45) പുറത്താകാതെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ശ്രേയസിന്റെ ഇന്നിംഗ്സിൽ 6 ഫോറും 4 സിക്സും തിലകം ചാർത്തിയപ്പോൾ ജഡേജ 7 ഫോറും 1 സിക്സും നേടി. ശ്രേയസിന്റെ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറിയാണിത്.
25 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പെടെ 39 റൺസ് അതിവേഗം നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 44/2 എന്ന നിലയിൽ ക്രീസിലെത്തിയ സഞ്ജു മൂന്നാം വിക്കറ്റിൽ ശ്രേയസിനൊപ്പം വെറും 47 പന്തിൽ പടുത്തുയർത്തിയ 84 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ചേസിംഗിന്റെ നട്ടെല്ലായത്.
സഞ്ജുവിനെ പുറത്താക്കാൻ ലഹിരു കുമാരയുടെ പന്തിൽ ഫെർണാണ്ടോയെടുത്ത ക്യാച്ച് മനോഹരമായിരുന്നു. ഓപ്പണർമാരായ ക്യാപ്ടൻ രോഹിത് ശർമ്മ( 1), ഇഷാൻ കിഷൻ (16) എന്നിവർക്ക് തിളങ്ങാനായില്ല.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ പതും നിസ്സാങ്കയാണ് ശ്രീലങ്കയെ മികച്ച സ്കോറിൽ എത്തിച്ചത്. 53 പന്ത് നേരിട്ട് 11 ഫോറുൾപ്പെടെ നിസ്സങ്ക 75 റൺസ് നേടി.ക്യാപ്ടൻ ദസുൻ ഷനാക (പുറത്താകാതെ 47), ഗുണതിലക (38) എന്നിവരും തിളങ്ങി. ഡെത്ത് ഓവറുകളിൽ വെറും 28 പന്തിൽ നിസ്സങ്കയും ഷനാകയും 58 റൺസ് അടിച്ചുകൂട്ടി.