
വാഷിംഗ്ടൺ: റഷ്യൻ ആക്രമണത്തിൽ നിന്ന് യുക്രെയിനെ രക്ഷിക്കണമെന്ന് ജന്മരാജ്യമായ ഇന്ത്യയോട് ആവശ്യപ്പെട്ട് ചപ്പാത്തി എന്ന നായ. യുക്രേനിയൻ യുവ ദമ്പതികളായ യൂജിൻ പെട്രസിന്റെയും ക്രിസ്റ്റീനയുടെയും വളർത്തു നായയാണ് ചപ്പാത്തി. 'ട്രാവലിങ് ചപ്പാത്തി' എന്ന പേരിലറിയപ്പെടുന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഭാരതമാതാവിനോട് യുക്രെയിനെ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്റ് ദമ്പതികൾ പങ്കുവച്ചത്. 2017ലാണ് കൊച്ചിയിൽ ജനിച്ച ചപ്പാത്തിയെ ഇരുവരും ദത്തെടുക്കുന്നത്.
പട്ടിണി കിടന്ന് അവശനിലയിൽ കണ്ടെത്തിയ നായയെ ഇരുവരും ചേർന്ന് പരിചരിക്കുകയും ചപ്പാത്തി എന്ന പേര് നൽകുകയുമായിരുന്നു. ശേഷം വിനോദയാത്ര കഴിഞ്ഞ് യുക്രെയിനിലേക്ക് മടങ്ങിയ യൂജിനും ക്രിസ്റ്റീനയും ചപ്പാത്തിയെയും കൂടെ കൊണ്ടുപോയി. അന്ന്‌തൊട്ട് ദമ്പതികൾക്കൊപ്പം ചപ്പാത്തിയും ലോകം ചുറ്റുകയായിരുന്നു.
''പ്രിയപ്പെട്ട ഭാരതമാതാവേ, എന്റെ കുടുംബത്തിന്റെ ജീവൻ ഭീഷണിയിലായത് പോലെ ലക്ഷക്കണക്കിന് യുക്രേനിയക്കാരും നിരപരാധികളായ മൃഗങ്ങളും ദുരിതത്തിലാണ്. നിശബ്ദരാകരുത്, തെരുവിലിറങ്ങി യുക്രെയിന് വേണ്ടി ശബ്ദമുയർത്തുക'' ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
'ട്രാവലിങ് ചപ്പാത്തി' എന്ന പേരിൽ ദമ്പതികൾക്ക് ഫേസ്ബുക്കിലും അക്കൗണ്ടുണ്ട്. ചപ്പാത്തിയുടെ പേരിലാണ് ദമ്പതികൾ മിക്ക പോസ്റ്റുകളും പങ്കുവയ്ക്കുന്നത്.