
കീവ്:യുദ്ധം കൊടുമ്പിരി കൊള്ളുന്ന യുക്രെയിനിലെ ഒരു വനിതയും റഷ്യൻ സൈനികനും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. റഷ്യൻ ഭാഷയിലുള്ള വീഡിയോയിൽ യുക്രെയിൻ വനിത സൈനികന് സൂര്യകാന്തി ചെടിയുടെ വിത്തുകൾ നൽകുകയും അത് സൈനികന്റെ പോക്കറ്റിൽ ഇടാൻ ആവശ്യപ്പെടുകയുമാണ്. യുക്രെയിനിലെ ഒരു നിരത്തിൽ വച്ചെടുത്ത വീഡിയോ ട്വിറ്ററിലൂടെയും മറ്റുമായി നിരവധി പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.
Ukrainian woman confronts Russian soldiers in Henychesk, Kherson region. Asks them why they came to our land and urges to put sunflower seeds in their pockets [so that flowers would grow when they die on the Ukrainian land] pic.twitter.com/ztTx2qK7kB
— UkraineWorld (@ukraine_world) February 24, 2022
നിരത്തിലൂടെ പോകുന്ന വനിതയെ സൈനികൻ തടയുകയും കാരണം അന്വേഷിച്ച സ്ത്രീയോട് അവിടെ തങ്ങൾക്ക് ചില ജോലികൾ ചെയ്ത് തീർക്കാനുണ്ടെന്നും സൈനികൻ മറുപടി പറയുന്നു. സൈനികനോട് അയാൾ റഷ്യക്കാരനാണോ എന്ന് ചോദിച്ച വനിത, എത്രയും വേഗം റഷ്യയിലേക്ക് പോകണമെന്നും ഇത് തങ്ങളുടെ രാജ്യമാണെന്നും പറയുന്നു. എന്നാൽ തങ്ങൾ തമ്മിലുള്ള സംഭാഷണം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്ന സൈനികന്റെ മറുപടിയെ തുടർന്ന് ആ സ്ത്രീ സൈനികന് സൂര്യകാന്തി ചെടിയുടെ വിത്തുകൾ നൽകുകയും അത് സൈനികന്റെ പോക്കറ്റിൽ ഇടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ആ സൈനികൻ യുക്രെയിൻ മണ്ണിൽ കിടന്ന് മരിക്കുമ്പോൾ പോക്കറ്റിലുള്ള ആ വിത്ത് ഒരുകാലത്ത് മുളച്ച് ഒരു സൂര്യകാന്തി ചെടിയായി മാറുമെന്ന് ആ സ്ത്രീ വ്യക്തമാക്കുന്നു.
യുദ്ധത്തിന് ശേഷവും തങ്ങൾക്ക് നല്ല ദിവസങ്ങൾ ഉണ്ടാകുമെന്ന യുക്രെയിൻ ജനതയുടെ വിശ്വാസമാണ് ആ സത്രീയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ചിലരുടെ കണ്ടെത്തൽ. ലോകത്ത് സൂര്യകാന്തി ചെടിയിൽ നിന്നുള്ള എണ്ണയുടെ ഉത്പാദനത്തിന്റെ ഏറിയ പങ്കും യുക്രെയിനിൽ നിന്നുമാണ്. ഇന്ത്യയുടെ സൂര്യകാന്തി എണ്ണ ഇറക്കുമതിയുടെ 93 ശതമാനത്തോളം യുക്രെയിൻ - റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുമാണ്.