
ധരംശാല: ടി ട്വന്റി ക്രിക്കറ്റിൽ 183 റൺ എന്നത് അത്ര ചെറിയ വിജയലക്ഷ്യം ഒന്നുമല്ല. എന്നാൽ ശ്രേയസ് അയ്യറും രവീന്ദ്ര ജഡേജയുമടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ എത്ര വലിയ വിജയലക്ഷ്യവും ചില സമയങ്ങളിൽ ചെറുതാകും. രണ്ടാം ടി ട്വന്റിയിൽ ശ്രീലങ്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അനായാസം മറികടന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 184 റണ്ണെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇന്ത്യക്കു വേണ്ടി ശ്രേയസ് അയ്യർ (74), രവീന്ദ്ര ജഡേജ (45), സഞ്ജു സാംസൺ (39) എന്നിവർ തിളങ്ങി. ഈ ജയത്തോടെ മൂന്ന് മത്സര ടി ട്വന്റി പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ടി ട്വന്റിയിലും ഇന്ത്യ വിജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നടക്കും.
11th T20I win on the bounce for #TeamIndia 👏👏@Paytm #INDvSL pic.twitter.com/zsrm3abCls
— BCCI (@BCCI) February 26, 2022
വമ്പൻ വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ നായകനും ഓപ്പണറുമായ രോഹിത് ശർമ്മയെ നഷ്ടമായി. സ്കോർ ബോർഡിൽ വെറും ഒൻപത് റൺ മാത്രമുള്ളപ്പോഴായിരുന്നുഒരു റൺ മാത്രമെടുത്ത രോഹിത് ചമീര എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ ക്ളീൻ ബൗൾഡാകുന്നത്. തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ശ്രേയസ് അയ്യരും ഇഷാൻ കിഷനും സ്കോർ ബോർഡ് ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആറാമത്തെ ഓവറിൽ ഇഷാൻ കിഷൻ പുറത്തായി. പിന്നാലെ എത്തിയ സഞ്ജു സാംസണും ശ്രേയസ് അയ്യരും ചേർന്ന് സാവധാനം സ്കോർ ചലിപ്പിക്കാൻ തുടങ്ങി. ലഹിരു കുമാര എറിഞ്ഞ 13ാമത്തെ ഓവറിൽ ഒരു ഫോറും മൂന്ന് സിക്സറുമായി സഞ്ജു ഗിയർ മാറ്റി തുടങ്ങിയെങ്കിലും അതേ ഓവറിന്റെ അവസാന പന്തിൽ മലയാളി താരം പുറത്തായി.
സഞ്ജു പുറത്തായതോടെ ക്രീസിൽ എത്തിയ രവീന്ദ്ര ജഡേജ ലങ്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. കൂട്ടിന് ശ്രേയസും ചേർന്നതോടെ ഇന്ത്യൻ വിജയം അനായാസം കൈപിടിയിലൊതുങ്ങി. വെറും 18 പന്തിലാണ് ജഡേജ 45 റൺ അടിച്ചുകൂട്ടിയത്.
നേരത്തെ ഓപ്പണർമാരായ പതും നിസ്സങ്കയും (75) ധനുഷ്ക ഗുണതിലകയും (38) ചേർന്ന് മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ 52 പന്തിൽ 67 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ചേർന്ന് ശ്രീലങ്കയ്ക്ക് ആക്രമിച്ച് കളിക്കാനുള്ള അടിത്തറ പാകി.
എന്നാൽ ഒൻപതാം ഓവറിൽ ഗുണതിലക പുറത്തായതോടെ ശ്രീലങ്കയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാകാൻ ആരംഭിച്ചു, ഒരു സമയത്ത് വിക്കറ്റ് നഷ്ടം കൂടാതെ 67 റൺസെടുത്തിരുന്ന ശ്രീലങ്ക 102ന് നാല് എന്ന നിലയിലേക്ക് വളരെ പെട്ടെന്ന് കൂപ്പുകുത്തി. തുടർന്ന് നിസങ്കയോടൊപ്പം ക്രീസിൽ ഒത്തുചേർന്ന ക്യാപ്ടൻ ദസുൻ ശനക ഉറച്ചുനിന്നതോടെ ലങ്ക പതിയെ കരകയറി. ശ്രീലങ്കയുടെ സ്കോർ 160ൽ എത്തിയപ്പോൾ നിസങ്ക പുറത്തായതോടെ തനിസ്വരൂപം കാട്ടിയ ശനക, ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. അവസാന ഓവറുകളിൽ ശനക നടത്തിയ ആക്രമണ ബാറ്റിംഗാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തുകളിൽ നിന്ന് 47 റണ്ണെടുത്ത ശനക പുറത്താകാതെ നിന്നു.
ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു. എന്നാൽ ജസ്പ്രീത് ബുമ്രയ്ക്കും യുസ്‌വേന്ദ്ര ചാഹലിനും ഒഴിച്ചുള്ള എല്ലാവർക്കും കണക്കിന് തല്ലും കിട്ടി. നാല് ഓവറിൽ 52 റൺ വിട്ടുകൊടുത്ത ഹർഷൽ പട്ടേലിനാണ് ഏറ്റവും കൂടുതൽ അടി കിട്ടിയത്.