
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടത്തിന് ഭക്തിനിർഭരമായ തുടക്കം. ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളിൽ ഇന്നും നിലനിൽക്കുന്ന ആചാരമാണ് ശിവാലയ ഓട്ടം.'ചാലയം ഓട്ടം' എന്നും ഇത് അറിയപ്പെടുന്നുണ്ട്. കുംഭമാസത്തിൽ ശിവരാത്രിദിവസം തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്.
തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലംഎന്നിവയാണ് 12 ശിവാലയ ക്ഷേത്രങ്ങൾ.
മുഞ്ചിറയിലെ തിരുമല മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ശിവാലയ ഓട്ടം ആരംഭിച്ചത്. താമ്രപർണി നദീതീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശി ക്ഷേത്രം. തുടർന്ന് തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, പത്തനാപുരത്തെ കൽക്കുളം, മേലാങ്കോട്, തിരുവടയ്ക്കോട്, തിരുവിതാംകോട്, ത്രിപ്പന്നിക്കോട് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം തിരുനട്ടാലം ക്ഷേത്രത്തിലെത്തി ശിവാലയ ഓട്ടം പൂർത്തിയാക്കും. ശിവരാത്രി ദിവസത്തെ ഘൃതധാരാ ഇത്തവണ തിരുവിടയ്‌ക്കോട് ശിവക്ഷേത്രത്തിലാണ് നടക്കുക. 
ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിലും ചെന്നു കുളിച്ചു തൊഴുന്നതു പാപമോചനത്തിനുള്ള ഒരു മാർഗ്ഗമാണെന്നു കരുതപ്പെട്ടുവരുന്നു. ഇതിലേക്കായി ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഒരുദിവസംകൊണ്ടു കുളിച്ചുതൊഴുന്നതിനായി യത്നിക്കുന്നവരെ 'ചാലയം ഓട്ടക്കാർ' എന്നു വിളിക്കുന്നു. ചാലയം എന്നതു ശിവാലയം എന്നതിന്റെ നേർഭാഷ്യമെന്ന് കരുതിപ്പോരുന്നു.
ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത.
മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രർ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ പോയി. കടുത്ത ശിവഭക്തനായ വ്യാഘ്രപാദൻ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടിപ്പായിച്ചു. ശ്രീകൃഷ്ണൻ നൽകിയ 12 രുദ്രാക്ഷങ്ങളുമായി ഭീമൻ വീണ്ടും തിരുമലയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന വ്യാഘ്രപാദനു സമീപമെത്തി. മുനി കോപിതനായി ഭീമനുനേരെ തിരിയുകയും ഭീമൻ പിന്തിരിഞ്ഞ് ഗോവിന്ദാ... ഗോപാലാ....... എന്നു വിളിച്ച് ഓടൻ തുടങ്ങുകയും ചെയ്തു.
മുനി ഭീമന്റെ സമീപമെത്തുമ്പോൾ ഭീമൻ അവിടെ ഒരു രുദ്രാക്ഷം നിക്ഷേപിക്കും. അപ്പോൾ അവിടെ ഒരു ശിവലിംഗം ഉയർന്നുവരികയും ചെയ്യും. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 11 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും ശിവലിംഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഒടുവിൽ 12ആമത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദർശനം നൽകുകയും ചെയ്തു. അങ്ങനെ ഇരുവർക്കും ശിവനും വിഷ്ണുവും ഒന്നെന്ന് വ്യക്തമായി. അദ്ദേഹം പിന്നീട് ധർമ്മപുത്രന്റെ യാഗത്തിൽ പങ്കുകൊണ്ടു. ഭീമൻ രുദ്രാക്ഷം നിക്ഷേപിച്ചതിന്റെ ഫലമായി സ്ഥാപിതമായ 12 ശിവക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടക്കുന്നത്.
ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തൻന്മാരെ 'ഗോവിന്ദൻമാർ' എന്ന് പറയുന്നു. കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുൻപ് മാലയിട്ട് വ്രതമാരംഭിക്കണം. ഈ ദിവസങ്ങളിൽ സ്വന്തം ഗൃഹത്തിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറ് മാത്രമേകഴിക്കുകയുളളൂ. രാത്രി കരിക്കും പഴവും മാത്രം. ത്രയോദശി നാളിൽ ഉച്ചയ്ക്ക് ആഹാരം കഴിച്ച് കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ തിരുമലയിൽ സന്ധ്യാദീപം ദർശിച്ച് ഓട്ടമാരംഭിക്കുന്നു.
വെള്ളമുണ്ടോ കാവി മുണ്ടോ ആണ് വേഷം. കൈകളിൽ വിശറിയുണ്ടാകും ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനാണ് വിശറി. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും ഒന്നിൽ പ്രസാദ ഭസ്മവും മറ്റേതിൽ വഴിയാത്രയ്ക്കാവശ്യമായ പണവും സൂക്ഷിക്കുന്നു.
ഇങ്ങിനെ സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു. ഒരോ ക്ഷേത്രത്തിലും എത്തുമ്പോൾ കുളിച്ച് ഈറനോടെ വേണം ദർശനം നടത്തുവാൻ. വഴിയിൽ പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും. ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു. 'ഗോവിന്ദാ ഗോപാല' എന്ന് വഴിനീളെ ഉച്ചരിച്ചാണ് ഓടുന്നത്.