
ലണ്ടൻ : ഏകദേശം വിമാനത്തോളം വലിപ്പമുള്ള ഒരു ജീവി ആകാശത്ത് പറന്ന് നടക്കുന്നത് സങ്കല്പിച്ച് നോക്കൂ. അത്തരത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ ഭൂമുഖത്ത് ജീവിച്ചിരുന്ന കാലത്ത് ആകാശത്ത് പറന്ന് നടന്നിരുന്നതാണ് റ്റെറോസോർ ( pterosaur ) എന്ന ഭീമൻ പറക്കും ഉരഗം.
ഇപ്പോഴിതാ സ്കോട്ട്‌ലൻഡിലെ പടിഞ്ഞാറൻ തീരമായ സ്കൈയിൽ അത്യപൂർവമായ ഒരു റ്റെറോസോർ സ്പീഷീസിന്റെ ഫോസിൽ ലഭിച്ചിരിക്കുകയാണ്. ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ റ്റെറോസോർ ഫോസിലാണിത്. 170 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഇവ ജീവിച്ചിരുന്നതെന്ന് കരുതുന്നു.
ക്രിറ്റേഷ്യസ് യുഗത്തിൽ ദിനോസറുകളുടെ നാശത്തിന് പിന്നാലെയാണ് വിമാനത്തോളം വലിപ്പമുള്ള ഏതാനും റ്റെറോസോർ സ്പീഷീസുകൾ പിറവിയെടുത്തതെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, ഇതിന് മുന്നേ തന്നെ ഇക്കൂട്ടർ ഭീമൻമാർ ആയിരുന്നെന്നാണ് പുതിയ കണ്ടെത്തലിലൂടെ ഗവേഷകരുടെ നിഗമനം. 2017ലായിരുന്നു ഈ ഫോസിലിന്റെ കണ്ടെത്തൽ. അന്ന് മുതൽ ഫോസിലിൽ വിവിധ പഠനങ്ങൾ നടന്നുവരികയായിരുന്നു.
' ജാർക്ക് സ്കിയാനാച് " എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഗേലിക് ഭാഷയിൽ ' പറക്കുന്ന ഉരഗം " എന്നാണ് ഇതിന്റെ അർത്ഥം. ചൈന, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ നിന്ന് റ്റെറോസോർ ഫോസിലുകൾ ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇത്രയും വലിയ റ്റെറോസോർ ഫോസിൽ ലഭിക്കുന്നത്.
ഭൂമിയിലെ നട്ടെല്ലുള്ള ജീവികളിൽ പറക്കാനുള്ള കഴിവ് ആദ്യമായി ആർജ്ജിച്ചെടുത്തവ കൂടിയാണ് റ്റെറോസോറുകൾ. ഭൂമുഖത്തുണ്ടായിരുന്നതിൽ ഏറ്റവും വലിയ പക്ഷിയും റ്റെറോസോർ ആണെന്നാണ് ഗവേഷകരുടെ നിഗമനം. അസാധാരണ വലിപ്പമുള്ള തലയും നീണ്ട കഴുത്തുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത.
ഏകദേശം 250 കിലോഗ്രാമെങ്കിലും ഇവയ്ക്ക് ഭാരമുണ്ടായിരുന്നതായി കരുതുന്നു. റ്റെറോസോറിന്റെ ഇരു ചിറകുകളും തമ്മിൽ 30 അടി നീളമുണ്ടായിരുന്നതായാണ് ഗവേഷകരുടെ നിഗമനം. കൂർത്ത കൊക്ക് ഇരപിടിത്തത്തിന് ഏറെ അനുയോജ്യമായിരുന്നു. കൂർത്ത പല്ലുകളാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. ഡ്രാഗൺ എന്ന ജീവി സാങ്കല്പികമാണെങ്കിലും അതിനോടാണ് റ്റെറോസോർ സ്പീഷീസിനെ ഗവേഷകർ ഉപമിക്കുന്നത്.