
മോസ്കോ: റഷ്യ -യുക്രെയിൻ യുദ്ധം നീണ്ടുപോയാൽ അത് ഏറ്റവും അധികം ബാധിക്കുന്നത് വാഹനവിപണിയെ ആയിരിക്കും. കാരണം ആധുനിക വാഹനങ്ങളുടെ നിർമാണത്തിന് വലിയ പങ്ക് വഹിക്കുന്ന ചിപ്പുകൾ അഥവാ സെമി കണ്ടക്ടറുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ 80 മുതൽ 90 ശതമാനവും വരുന്നത് റഷ്യ - യുക്രെയിൻ രാജ്യങ്ങളിൽ നിന്നുമാണ്. യുദ്ധം നീളുന്നതോടെ ചിപ്പ് നിർമാണത്തെയും ബാധിക്കുമെന്നതിനാൽ പ്രദേശത്തെ സംഭവവികാസങ്ങൾ ഉത്കണ്ഠയോടു കൂടി ഉറ്റുനോക്കുകയാണ് എല്ലാ വാഹന നിർമാതാക്കളും.
ഇന്ത്യയിലെ അവസ്ഥ നോക്കിയാൽ തന്നെ മാരുതി സുസുക്കി, ടാറ്റ ഉൾപ്പെടെയുള്ള മുൻനിര വാഹനനിർമ്മാതാക്കളെല്ലാവരും ഇപ്പോൾ തന്നെ തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം വാഹനങ്ങൾ നിർമിച്ചു നൽകാൻ സാധിക്കാത്ത പരിതസ്ഥിതിയിലാണ്. വാഹനങ്ങൾക്ക് മുൻകൂറായി പണമടച്ച പലർക്കും ചിപ്പ് ക്ഷാമം കാരണം സമയത്തിന് വാഹനം നൽകാൻ മിക്ക നിർമാതാക്കൾക്കും സാധിക്കുന്നില്ല.
ചിപ്പ് ക്ഷാമം 2022 ഏപ്രിൽ - ജൂൺ മാസങ്ങളോടെ കുറയുമെന്ന കണക്കുകൂട്ടലിലായിരുന്നു വാഹനവിപണി. എന്നാൽ ആ പ്രതീക്ഷകൾക്കു മുകളിലേക്കാണ് ഇടിത്തീ പോലെ യുദ്ധം വന്ന് വീണത്. ഇനി ഈ രണ്ട് രാജ്യങ്ങളിൽ നിന്നും ചിപ്പ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വരവ് കുറയുമെന്നത് യാഥാർത്ഥ്യമാണ്. നിലവിലുള്ള ചിപ്പ് പ്രതിസന്ധി വർദ്ധിക്കാൻ മാത്രമേ ഇത് കാരണമാകുകയുള്ളു.
യഥാർത്ഥത്തിൽ വാഹന വിപണിയെ മാത്രമല്ല ചിപ്പ് പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നത്. ടെലിവിഷൻ സെറ്റ് മുതൽ മൊബൈൽ ഫോൺ നിർമാണത്തിന് വരെ ഈ ചിപ്പുകൾ അവിഭാജ്യ ഘടകമാണ്. ചുരുക്കി പറഞ്ഞാൽ ലോകത്തെ തന്നെ ചുരുങ്ങിയത് ഒരു പത്ത് വർഷത്തേക്കെങ്കിലും പിന്നിലേക്ക് വലിക്കാൻ സാദ്ധ്യതയുള്ള ഒരു യുദ്ധമാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.