
കൊച്ചി: പൈലറ്റാകാൻ കൊതിക്കുന്ന പട്ടികജാതി, പട്ടിക വർഗ വിദ്യാർത്ഥികൾക്കായി പണവുമായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനായി പട്ടിക ജാതി, പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ മുൻകൈയെടുത്ത് `വിംഗ്സ് ' എന്ന പദ്ധതി തന്നെ ആരംഭിച്ചു.
തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാഡമിയിൽ ഈ വിഭാഗത്തിൽ നിന്ന് എത്രപേർ പ്രവേശനം നേടിയാലും കോഴ്സ് ഫീയായ 25.3 ലക്ഷവും 'വിംഗ്സ്' എന്ന പദ്ധതിയിലൂടെ സ്കോളർഷിപ്പായി നൽകും.
മൊത്തം 25 വിദ്യാർത്ഥികൾക്കാണ് ഇവിടെ പ്രവേശനം. ഇതിൽ പട്ടിക ജാതി,പട്ടിക വർഗക്കാർ എത്രപേരുണ്ടെങ്കിലും ഫീസ് സർക്കാർ നൽകും.
പ്രവേശനം നേടുന്ന പട്ടിക വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേക പരീക്ഷ നടത്തി ഒന്നാം സ്ഥാനത്തെത്തുന്നയാൾക്ക് മാത്രം സ്കോളർഷിപ്പ് നൽകുന്ന രീതിയായിരുന്നു ഇതുവരെ. കഴിഞ്ഞതവണ കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി സങ്കീർത്തന ദിനേശിനായിരുന്നു ഒന്നാം റാങ്ക്. എന്നാൽ, അവിടെ പ്രവേശനം കിട്ടുകയും സ്കോളർഷിപ്പ് പരീക്ഷയിൽ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തുകയും ചെയ്ത പട്ടിക ജാതിക്കാരായ വയനാട് സ്വദേശിനി എസ്.ബി. ശരണ്യയും ആലപ്പുഴ സ്വദേശി ആദിത്യനും കോഴിക്കോട് സ്വദേശി കെ.പി. വിഷ്ണുപ്രസാദും സങ്കീർത്തനയ്ക്കൊപ്പം പട്ടികജാതി, വർഗ ക്ഷേമമന്ത്രി കെ.രാധാകൃഷ്ണനെ കണ്ടു. അവരുടെ ഫീസും സർക്കാർ വഹിക്കാൻ അതോടെ വഴിയൊരുങ്ങി. ഇതിനായി വിംഗ്സ് എന്ന പദ്ധതി ആരംഭിക്കുകയും ചെയ്തു.
ഈ ആനുകൂല്യം നേടാൻ പക്ഷേ, പട്ടിക വർഗത്തിൽ നിന്ന് ആരും എത്തിയിട്ടില്ല. അടുത്ത തവണ അവരിൽ നിന്ന് ഒരാളെങ്കിലും പൈലറ്റാവാൻ എത്തുമെന്ന പ്രതീക്ഷയിലാണ് മന്ത്രി രാധാകൃഷ്ണൻ.
#പൈലറ്റ് കോഴ്സ്
പ്രവേശനം:സെപ്തംബറിൽ
സീറ്റ്: 25
ഫീസ്: 25.3 ലക്ഷം
പരിശീലനം: 200 മണിക്കൂർ
യോഗ്യത: പ്ലസ് ടു ഗണിതം, ഫിസിക്സ്
`എസ്.ടി വിഭാഗത്തിലുള്ള കുട്ടികളെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അട്ടപ്പാടി, വയനാട് ആദിവാസി മേഖലകളിൽ നിന്ന് താത്പര്യമുള്ളവരെ കണ്ടെത്താൻ ജില്ലാ ഓഫീസർമാരെ നിയോഗിക്കും.'
-കെ.രാധാകൃഷ്ണൻ
പട്ടിക വിഭാഗ ക്ഷേമ
വകുപ്പ് മന്ത്രി