hms-diamond

ലണ്ടൻ : യുക്രെയിന് നേരെയുള്ള റഷ്യൻ ആക്രമണം പിടിമുറുക്കുന്നതിനിടെ യൂറോപ്പിലെ അംഗരാജ്യങ്ങളുടെ സുരക്ഷയ്ക്കായി യുക്രെയിന് പുറത്ത് കിഴക്കൻ യൂറോപ്പിലും മറ്റുമായി സൈനികവിന്യാസം ശക്തിപ്പെടുത്തുകയാണ് നാറ്റോ. ഇതിന്റെ ഭാഗമായി സെക്കന്റിൽ എട്ട് മിസൈലുകൾ വിക്ഷേപിക്കാൻ ശേഷിയുള്ള ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്.എം.എസ് ഡയമണ്ടെന്ന കരുത്തുറ്റ ഹൈടെക് ആന്റി - എയർക്രാഫ്റ്റ് യുദ്ധക്കപ്പൽ മെഡിറ്ററേനിയൽ കടൽ ലക്ഷ്യമാക്കി യാത്ര തിരിച്ചിരിക്കുകയാണ്. റഷ്യൻ പടക്കപ്പലുകളിൽ നിന്ന് ഏതെങ്കിലും തരത്തിലെ പ്രകോപനമുണ്ടായാൽ കനത്ത തിരിച്ചടി നൽകാൻ ശേഷിയുള്ളതാണ് എച്ച്.എം.എസ് ഡയമണ്ട്.

പോട്ട്സ്‌മത്തിൽ നിന്ന് പുറപ്പെട്ട എച്ച്.എം.എസ് ഡയമണ്ടിനെ കിഴക്കൻ മെഡിറ്ററേനിയനിൽ ഓഫ്ഷോർ പെട്രോൾ കപ്പലായ എച്ച്.എം.എസ് ട്രെന്റിനൊപ്പമാണ് വിന്യസിക്കുന്നത്. നാല് ആർ.എ.എഫ് റ്റൈഫൂൺ യുദ്ധവിമാനങ്ങളെ സൈപ്രസിലേക്കും നൂറുകണക്കിന് സൈനികരെ എസ്റ്റോണിയയിലും പോളണ്ടിലും ബ്രിട്ടൺ വിന്യസിക്കുന്നുണ്ട്.

ബ്രിട്ടീഷ് നേവിയുടെ ടൈപ്പ് 45 വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലായ ഡയമണ്ട് ഫെബ്രുവരി 17ന് പുറപ്പെടാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും യൂനിസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യാത്ര വൈകുകയായിരുന്നു. 8,000 ടൺ ഭാരമുള്ള ഡയമണ്ടിന് 152 മീറ്റർ നീളമുണ്ട്. ഓരോ പത്ത് സെക്കന്റിലും 8 മിസൈലുകൾ വീതം ശത്രുക്കൾക്ക് നേരെ വിക്ഷേപിക്കാൻ ഡയമണ്ടിന് കഴിയും.

ശത്രു റഡാറുകൾക്ക് അത്ര വേഗത്തിൽ പിടികൊടുക്കാത്ത രൂപകല്പനയാണ് ഡയമണ്ടിന്റെ പ്രത്യേകത. കൂടാതെ അത്യാധുനിക സൈനിക സെൻസറുകളും സങ്കീർണമായ ആയുധ സംവിധാനങ്ങളും ഡയമണ്ടിൽ ഒരുക്കിയിട്ടുണ്ട്. ഏത് ഭീഷണിയെ കണ്ടെത്തി നശിപ്പിക്കാനും ഡയമണ്ടിന് കഴിയും.

ലോംഗ് റേഞ്ച് എയർ ടാർജറ്റ് സെർച്ചിംഗ്, മൾട്ടിപ്പിൾ ടാർജറ്റ് ട്രാക്കിംഗ് തുടങ്ങിയ ഓപ്പറേഷനുകളുടെ കൃത്യതയുടെ പേരിലും ഡയമണ്ട് ഏറെ പ്രശംസ നേടിയിട്ടുണ്ട്. ഒരു ഹെലികോപ്ടർ പ്ലാറ്റ്ഫോമും ഡയമണ്ടിലുണ്ട്.

ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാറ്റ്വിയ, എസ്റ്റോണിയ എന്നിവയ്ക്ക് നേരെയും റഷ്യയുടെ ആക്രമണം ഉണ്ടായേക്കുമോ എന്ന ആശങ്കയെ തുടർന്ന് യൂറോപ്പിൽ നാറ്റോ സൈനികം വിന്യാസം ശക്തമാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഡയമണ്ടിന്റെ വിന്യാസം. അതേ സമയം, സൈനികരെ യുക്രെയിനിലേക്ക് വിന്യസിക്കില്ലെന്ന് ബ്രിട്ടണും നാറ്റോയും വ്യക്തമാക്കുന്നുണ്ട്.