ukraine

കീവ്: യുക്രെയിൻ നഗരങ്ങളിൽ റഷ്യയുടെ വ്യാപക ആക്രമണം. കീവിൽ അർദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പുമുണ്ടായി. പ്രധാന നഗരമായ സുമിയിലുണ്ടായ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. യുക്രെയിൻ-റഷ്യൻ സൈനികരും, ഏഴ് വയസുള്ള കുട്ടിയടക്കം ഏഴ് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.

കീവിൽ ഉണ്ടായ ആക്രമണത്തിൽ കുട്ടികളെ ചികിത്സിക്കുന്ന അർബുദ ആശുപത്രി തകർന്നു. കാർകീവിൽ ഗ്യാസ് പൈപ് ലൈനിന് നേരെ റഷ്യയുടെ ആക്രമണമുണ്ടായി. വാസിൽകീവിൽ എണ്ണസംഭരണ ശാലയിൽ പൊട്ടിത്തെറിയുണ്ടായി. റെയിൽവേ സ്റ്റേഷനുകളിൽ അഭയം തേടിയ ആളുകളെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കാർകീവിൽ നിയന്ത്രണം കൈവിട്ടിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. 3500 റഷ്യൻ സൈനികരെ വധിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്‌തെന്നാണ് യുക്രെയിനിന്റെ അവകാശവാദം.

യുക്രെയിൻ-റഷ്യ റെയിൽവേ ശൃഖല വിച്ഛേദിച്ചു. കീവിലേക്ക് റഷ്യൻ സൈന്യം എത്തുന്നത് തടയാനാണ് യുക്രെയിൻ റെയിൽവേ ബന്ധം തകർത്തത്. റഷ്യൻ സേന സപ്പോരിജിയ ആണവ നിലയത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോരിജിയയിലേത്.