
കീവ്: തുടർച്ചയായ മൂന്നാം ദിവസത്തെ പോരാട്ടത്തിന് ശേഷവും റഷ്യൻ സൈന്യത്തെ ശക്തമായി പ്രതിരോധിച്ച് യുക്രെയിൻസേന. എന്നാൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കീവ് നിയന്ത്രണത്തിലാക്കാൻ റഷ്യക്കൊപ്പം ചേർന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം റഷ്യയെ പ്രതിരോധിക്കാൻ യുക്രെയിനിന് സഹായ വാഗ്ദ്ധാനവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധവിരുദ്ധ വികാരം റഷ്യയിൽ ശക്തമാണ്. പ്രതിഷേധിച്ച മൂവായിരത്തിലധികം പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ടുകൾ.
യുക്രെയിൻ ചർച്ചയ്ക്ക് തയാറാകുന്നില്ല എന്ന് കുറ്റപ്പെടുത്തിയതിന് പിന്നാലെ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. സൈനിക കേന്ദ്രങ്ങൾക്ക് പുറമെ ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോർട്ടുകൾ. കിഴക്കൻ യുക്രെയിനിൽ 19പേർ കൂടി കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഖർകിവ് നഗരത്തിലും കീവിന് സമാനമായ രീതിയിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. സുമിയിലും ആക്രമണം ഉണ്ടായി. റഷ്യൻ സൈന്യത്തിനൊപ്പം ചെചൻ സേനയും രംഗത്തെത്തിയിരിക്കുകയാണ്. ഇവർ ലവിവ് നഗരത്തിൽ പ്രവേശിച്ചു. യുക്രെയിൻ സൈനിക കേന്ദ്രം പിടിച്ചെടുത്തതായി ചെചൻ പ്രസിഡന്റ് അവകാശപ്പെട്ടു. കീവ് നഗരത്തിൽ നിലവിൽ കർഫ്യൂ തുടരുകയാണ്.
എന്നാൽ ചെറുത്തുനിൽപ്പിൽ നിന്നും പിന്നോട്ടില്ല എന്നാണ് യുക്രെയിൻ അഭിപ്രായപ്പെടുന്നത്. റഷ്യൻ യുദ്ധവിമാനം തകർത്തതായി യുക്രെയിൻ സേന അവകാശപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധത്തിനായി പെട്രോൾ ബോംബ് പോലും ഉപയോഗിക്കുകയാണ്. ഇതിനിടെ യുക്രെയിനിന് ആയുധം നൽകുമെന്ന് ജർമനി അറിയിച്ചു.