rice

ചെറുപുഴ: പ്രാപ്പോയിൽ വയനാട്ടുകുലവൻ ക്ഷേത്രത്തിലെ അന്നദാനത്തിനായി പ്രാപ്പൊയിൽ ജുമാമസ്ജിദ് ഭാരവാഹികൾ അരി സമർപ്പിച്ചു. ക്ഷേത്രത്തിലേക്ക് അരിയുമായി എത്തിയ പള്ളി ഭാരവാഹികളെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു. പ്രാപ്പൊയിൽ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തോടനുബന്ധിച്ചാണ് പ്രാപ്പൊയിൽ ജുമാമസ്ജിദ് ഭാരവാഹികൾ അരിയുമായി ക്ഷേത്രത്തിലെത്തിയത്.

പള്ളി ഭാരവാഹികളായ പുതിയപുരയിൽ ഷെഫിക്, സി.വി. റംഷാദ്, സി.എച്ച്. നൗഷാദ്, പി.വി. സാബിർ, പി. സിദ്ദീഖ്, സി.വി. നിഷാൻ ക്ഷേത്രം പ്രസിഡന്റ് വി.വി. നാരായണൻ, സെക്രട്ടറി ടി.എം. പ്രശാന്ത്, ദേവസ്വം കമ്മിറ്റിയംഗങ്ങൾ, കർമികൾ എന്നിവർ ചേർന്നു സ്വീകരിച്ചു. ചടങ്ങിൽ ഒട്ടേറെ ഭക്തജനങ്ങളും പങ്കെടുത്തു.