
പൊന്നാനി: ''തെരുവുകൾ സജീമായിരുന്ന സമയത്ത് മനുഷ്യനൊപ്പം തന്നെ തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജനം പുറത്തിറങ്ങാതായതോടെ തെരുവ് നായകൾ പട്ടിണിയിലാണ്. അവരെ കൂടി കരുതണം. അതിനാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാൻ കഴിയുന്നവർ മുൻകൈ എടുക്കണം.' കൊവിഡിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാർത്താ സമ്മേളനത്തിലെ വാക്കുകളായിരുന്നു ഇത്.
മുഖ്യമന്ത്രിയുടെ അഭ്യർത്ഥന അതേപടി സ്വീകരിച്ചവർ ഏറെയുണ്ട്. തെരുവിലെ പ്രതിസന്ധി നീങ്ങിയിട്ടും മുഖ്യമന്ത്രി പറഞ്ഞത് ഇന്നും അതേപടി തുടരുന്നൊരു ഡോക്ടർ പൊന്നാനിയിലുണ്ട്. പൊന്നാനിക്കാരുടെ സ്വന്തം സുബ്രഹ്മണ്യൻ ഡോക്ടർ.
പുലർച്ചെ ആറര മണിയോടെ ചന്തപ്പടി വൺവെ റോഡിലെ വീട്ടിൽ നിന്ന് ഡോക്ടർ പുറത്തിറങ്ങും. പിന്നാലെ കുറേ തെരുവ് നായക്കൂട്ടവും. ചന്തപ്പടിയെത്തിയാൽ സഞ്ചി നിറയെ ബിസ്‌കറ്റ് വാങ്ങും. മുന്തിയ ഇനം ബിസ്‌കറ്റാണ് വാങ്ങുക. സൗമ്യമായി നായക്കൂട്ടം ഒപ്പമുണ്ടാകും. എ.വി ഹൈസ്‌കൂളിനടുത്തെത്തിയാൽ ബിസ്‌കറ്റ് പാക്കറ്റുകൾ പൊട്ടിക്കും. നായ്ക്കകൾക്ക് വയറ് നിറച്ച് നൽകും.
ശേഷിക്കുന്ന ബിസ്‌കറ്റ് സഞ്ചിയുമായി ഡോക്ടർ മുന്നോട്ട് നടക്കും. അപ്പോഴേക്കും മറ്റൊരു നായക്കൂട്ടം ഒപ്പം കൂടും. വിജയമാത കോൺവെന്റിനടുത്തെത്തിയാൽ നേരത്തെ ചെയ്തത് ആവർത്തിക്കും. അഞ്ച് പോയിന്റുകളിൽ നായ്ക്കൾക്ക് ബിസ്‌കറ്റ് നൽകും. ഓരോ സ്ഥലത്തും നായക്കൂട്ടം ഡോക്ടറെ കാത്തു നിൽക്കുന്നുണ്ടാകും. ഡോക്ടറുടെ മുന്നിലും പിന്നിലും വശങ്ങളിലുമായി വാലാട്ടി നായ്ക്കൾ നടന്നു നീങ്ങുന്നത് എല്ലാ പകലിലേയും സുന്ദര കാഴ്ച്ചയാണ്. എല്ലാ ദിവസവും അഞ്ഞൂറ് രൂപയുടെ ബിസ്‌കറ്റ് വാങ്ങും. കഴിഞ്ഞ രണ്ട് വർഷത്തോളമായി മുടങ്ങാതെ തുടരുന്നുണ്ടിത്.
തൃശൂരാണ് സ്വദേശമെങ്കിലും കഴിഞ്ഞ മുപ്പത് വർഷമായി പൊന്നാനിക്കാരുടെ ഡോക്ടറാണ്. ജില്ലാ മെഡിക്കൽ ഓഫീസറായി മലപ്പുറത്തു നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും പൊന്നാനിയിലാണ്. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. നായ്ക്കളുടെ കാത്തിരിപ്പും സ്‌നേഹപ്രകടനവും വാലാട്ടിയുള്ള കൂടെ നടപ്പും മനസ്സിന് നൽകുന്ന സന്തോഷം ചെറുതല്ല. പുറത്തിറങ്ങി നടക്കാൻ കഴിയുന്ന കാലമത്രയും ഇത് തുടരാനാണ് തീരുമാനം.
ഡോ.സുബ്രഹ്മണ്യൻ