
കട്ടപ്പന : നിരോധിത ലഹരി മരുന്നായ എംഡിഎംഎ ബൈക്കിൽ ഒളിപ്പിച്ച് ഭർത്താവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗമായ ഭാര്യയെയും സഹായിച്ച കൂട്ടാളികളെയും റിമാൻഡ് ചെയ്തു. വണ്ടൻമേട് ഗ്രാമ പഞ്ചായത്തംഗം സൗമ്യ സുനിൽ ( 33 ), സഹായിച്ച കൊല്ലം സ്വദേശികളായ ഷാനവാസ് ( 39 ) , ഷെഫിൻ ഷാ ( 24 ) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സൗമ്യയെ കോട്ടയം വനിതാ ജയിലിലേയ്ക്കും, മറ്റ് രണ്ടുപേരെ പീരുമേട് സബ് ജയിലിലേക്കും മാറ്റി. കഴിഞ്ഞ 22 നാണ് സൗമ്യയുടെ ഭർത്താവ് സുനിലിനെ വാഹനത്തിൽ ലഹരി മരുന്ന് വച്ച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത്.
സൗമ്യയുടെ ഗൾഫിലുള്ള കാമുകൻ വിനോദുമായി ചേർന്നാണ് പദ്ധതിയിട്ടത്. രഹസ്യ വിവരത്തെ തുടർന്ന് സുനിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെങ്കിലും നിരപരാധിത്വം വ്യക്തമായതോടെയാണ് സൗമ്യയിലേയ്ക്കും, കാമുകൻ വിനോദിലേയ്ക്കും അന്വേഷണം എത്തിയത്. വിദേശത്തുള്ള വിനോദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും വണ്ടൻമേട് പൊലീസ് ആരംഭിച്ചു. അതേ സമയം എൽഡിഎഫ് പ്രാദേശിക നേതൃത്വം ഇടപെട്ട് സൗമ്യ തപാൽ മാർഗം അയച്ച രാജിക്കത്ത് വണ്ടൻമേട് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. പ്രതികളെ അടുത്ത ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്താനും സാദ്ധ്യതയുണ്ട്.