
കീവ് : യുക്രെയിനിലെ തലസ്ഥാനം പിടിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യൻ സൈന്യം മുന്നേറവേ ടാങ്കുകളും പടക്കോപ്പുകൾക്കും ഒപ്പം യുക്രെയിനിൽ റഷ്യ എത്തിച്ചത് മൊബൈൽ ശ്മശാനങ്ങളും. പ്രധാനമായും സ്വന്തം സേനയിലെ ആൾനാശം കുറച്ച് കാണിക്കുന്നതിന് വേണ്ടിയും, സിവിലിയൻമാരുടെ അടക്കം മരണ സംഖ്യ കുറയ്ക്കുന്നതിനുമാണ് മൊബൈൽ ശ്മശാനങ്ങൾ യുക്രെയിനിലേക്ക് അയച്ചതെന്ന് കരുതുന്നു. ഒരു സമയം ഒന്നിലേറെ മൃദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന റഷ്യൻ ട്രക്കുകളുടെ ചിത്രങ്ങൾ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ടിരുന്നു.
റഷ്യ യുക്രെയിനിൽ ആക്രമണം ആരംഭിച്ചതിന് ശേഷം മൂന്ന് കുട്ടികളടക്കം 198 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചിരുന്നു. റഷ്യയുടെ നൂറ്കണക്കിന് സൈനികരെ കൊലപ്പെടുത്തിയതായും യുക്രെയിൻ അവകാശപ്പെടുന്നുണ്ട്. എന്നാൽ ആക്രമണത്തിൽ തങ്ങളുടെ എത്ര സൈനികർ കൊല്ലപ്പെട്ടുവെന്ന് റഷ്യ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. യുക്രെയിനെ വേഗത്തിൽ കീഴടക്കുന്നതിന് വേണ്ടി തലസ്ഥാനമായ കീവിലെക്കുള്ള വേഗത വർദ്ധിപ്പിക്കുകയാണ് റഷ്യ. ഇതിനായി കൂടുതൽ സൈനികരെ എത്തിക്കുന്നുമുണ്ട്. അതേസമയം ലോകം ഒരു നീണ്ട യുദ്ധത്തിന് തയ്യാറെടുക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുന്നറിയിപ്പും കഴിഞ്ഞ ദിവസം വന്നിരുന്നു. യുക്രെയിനിലേക്ക് ആയുധങ്ങൾ പ്രതിരോധത്തിനായി അയച്ച മാക്രോണിന് നന്ദി പറഞ്ഞുകൊണ്ട് സെലെൻസ്‌കി ട്വീറ്റും ചെയ്തിരുന്നു.