ukraine-medicine

ന്യൂഡൽഹി: റഷ്യൻ അധിനിവേശം യുക്രെയിൻ ജനതയിൽ മാത്രമല്ല ഇന്ത്യക്കാരിലും ഭീതിജനകമായ ദിനങ്ങളാണ് സമ്മാനിച്ചത്. യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നവരിൽ ഇന്ത്യക്കാരുടെ പങ്ക് ഒട്ടും കുറവല്ല എന്നത് തന്നെയാണ് ഇതിന് കാരണം. യുക്രെയിനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് 18,095 ഇന്ത്യൻ വിദ്യാർത്ഥികൾ അവിടെ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. 2020ൽ യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്ന വിദേശ വിദ്യാർത്ഥികളുടെ 24 ശതമാനവും ഇന്ത്യക്കാരായിരുന്നു. എന്താകാം മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇന്ത്യക്കാർ യുക്രെയിൻ തിരഞ്ഞെടുക്കാൻ കാരണം എന്ന് പരിശോധിക്കാം.

ഇന്ത്യയെ അപേക്ഷിച്ച് യുക്രെയിനിൽ മെഡിക്കൽ വിദ്യാഭ്യാസം വളരെ ചെലവ് കുറഞ്ഞ ഒന്നാണ്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ മെഡിക്കൽ വിദ്യാഭ്യാസം താരതമ്യേന ചെലവ് കുറവാണെങ്കിലും സ്വകാര്യ മേഖലയിൽ ഇത് ഒരു കോടിക്ക് മുകളിൽ വരെ പോകാൻ സാദ്ധ്യതയുണ്ട്. എന്നാൽ യുക്രെയിനിലെ മുന്തിയ സർവകലാശാലയിൽ പോലും ഇന്ത്യയെ അപേക്ഷിച്ച് ചുരുങ്ങിയത് 17 ലക്ഷം മുതൽ 20 ലക്ഷം വരെയെങ്കിലും മെഡിക്കൽ ഫീസ് കുറവാണ്. ഇവിടത്തെക്കാളും സൗകര്യങ്ങളും അധികമുണ്ട് എന്നത് മറ്റൊരു വസ്തുതയാണ്. പോരാത്തതിന് പഠനത്തിനായി ഉപയോഗിക്കുന്ന ഭാഷ ഇംഗ്ളീഷ് ആണെന്നതും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സൗകര്യമാണ്.

എൻട്രൻസ് പരീക്ഷ എഴുതേണ്ട ആവശ്യമില്ലെന്നതാണ് യുക്രെയിനിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തിനുള്ള മറ്റൊരു സവിശേഷത. നാട്ടിലെ കോളേജുകളിൽ ഡിഗ്രി കോഴ്സുകൾക്ക് ചേരുന്നത് പോലെ മാർക്ക് അനുസരിച്ച് മെഡിക്കൽ കോഴ്സിനും ചേരാൻ സാധിക്കും. എന്നാൽ യുക്രെയിനിൽ പഠിച്ച് മെഡിക്കൽ ബിരുദം എടുത്തു എന്നത് കൊണ്ട് മാത്രം ഇന്ത്യയിൽ വന്ന് പ്രാക്ടീസ് ആരംഭിക്കാൻ സാധിക്കില്ല. വിദേശ സർവകലാശാലകളിൽ മെഡിക്കൽ വിദ്യാഭ്യാസം ചെയ്തവർ ഇന്ത്യയിൽ എത്തിയാൽ നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാം പാസാകേണ്ടതുണ്ട്. ഈ പരീക്ഷ പാസായാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് ഇവർക്ക് ലൈസൻസ് ലഭിക്കും.

പ്രതിവർഷം 4000ഓളം പരീക്ഷാർത്ഥികളാണ് ഈ പരീക്ഷ എഴുതുന്നതിന് ഹാജരാകുന്നത്. എന്നാൽ ഇവരിൽ വെറും 700 പേരൊക്കെയാണ് പരമാവധി പരീക്ഷ ജയിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസ് കരസ്ഥമാക്കുന്നത്.