
 മൂന്നാംപാദ ജി.ഡി.പി വളർച്ചാക്കണക്ക് ഇന്നറിയാം
 റഷ്യ-യുക്രെയിൻ സംഘർഷവും ക്രൂഡോയിൽ വിലയും ഓഹരിവിപണിയെ സ്വാധീനിക്കും
 ജനുവരിയിലെ വാഹന വില്പനക്കണക്കും നിർണായകമാകും
കൊച്ചി: കേന്ദ്രസർക്കാരിന്റെയും സാമ്പത്തികലോകത്തിന്റെയും നെഞ്ചിടിപ്പേറ്റുന്ന ഏറെ നിർണായകമായ കണക്കുകൾ ഈവാരം പുറത്തുവരും. ഇന്ത്യയുടെ ഒക്‌ടോബർ-ഡിസംബർപാദ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളർച്ചാക്കണക്കുകൾ ഇന്ന് വൈകിട്ട് 5.30ന് കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (എൻ.എസ്.ഒ) പുറത്തുവിടും.
നടപ്പുവർഷം ഒന്നാംപാദത്തിൽ 20.1 ശതമാനവും രണ്ടാംപാദത്തിൽ 8.4 ശതമാനവും ജി.ഡി.പി വളർച്ച കുറിച്ച ഇന്ത്യ, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നിലനിറുത്തിയിരുന്നു. മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബറിൽ വളർച്ചാനിരക്ക് ആറ് ശതമാനത്തിലേക്ക് താഴുമെന്നാണ് പൊതുവിലയിരുത്തൽ.
കൃഷിയൊഴികെ മറ്റുമേഖലകളൊന്നും കാര്യമായ ഉണർവ് കൈവരിച്ചിട്ടില്ലെന്ന് നിരീക്ഷകർ പറയുന്നു. ഖനനം, മാനുഫാക്‌ചറിംഗ്, നിർമ്മാണമേഖലകൾ കരകയറിയിട്ടില്ല. മൂന്നാംപാദത്തിൽ 6.6 ശതമാനം ജി.ഡി.പി വളർച്ചയാണ് റിസർവ് ബാങ്ക് വിലയിരുത്തുന്നത്. 4.6 മുതൽ 6 ശതമാനം വരെ വളർച്ചയാണ് റേറ്റിംഗ് ഏജൻസികളുടെ പ്രവചനം. വാഹനവിപണിയുടെ തളർച്ചയും ജി.ഡി.പിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
തിരിച്ചുകയറ്റം അതിവേഗം
(ജി.ഡി.പി വളർച്ച കഴിഞ്ഞപാദങ്ങളിൽ)
2020-21
ഏപ്രിൽ-ജൂൺ : -24.4%
ജൂലായ് - സെപ്‌തം : -7.4%
ഒക്‌ടോ-ഡിസം : 0.5%
ജനുവരി - മാർച്ച് : 1.6%
2021-22
ഏപ്രിൽ-ജൂൺ : 20.1%
ജൂലായ്-സെപ്തം : 8.4%
തലവര നിശ്ചയിക്കാൻ
ക്രൂഡും സ്വർണവും
കഴിഞ്ഞവാരം ഏഴുവർഷത്തെ ഉയരമായ, ബാരലിന് 105 ഡോളറിലേക്ക് ഉയർന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോഴുള്ളത് 97 ഡോളറിൽ. ഔൺസിന് 1972 ഡോളർ വരെയെത്തിയ രാജ്യാന്തര സ്വർണവില 1,889 ഡോളറിലും.
റഷ്യയുടെ എണ്ണകയറ്റുമതിക്ക് നിലവിൽ ഉപരോധം ഇല്ലാത്തതിനാൽ എണ്ണവില വീണ്ടും കുതിക്കാൻ സാദ്ധ്യത വിരളം. സ്വർണവിലയിലും വലിയ കുതിപ്പുണ്ടായേക്കില്ലെന്ന് നിരീക്ഷകർ പറയുന്നു. കഴിഞ്ഞവാരം ആടിയുലഞ്ഞ ഓഹരിവിപണി ഈവാരം തളരാതെ പിടിച്ചുനിന്നേക്കും.
ഇന്ത്യയിൽ ജനുവരിയിലെ വാഹന മൊത്തവില്പനക്കണക്കുകൾ ഇന്നറിയാം. ഓഹരി നിക്ഷേപകർ ഏറെ ആശങ്കയോടെ കാത്തിരിക്കുന്ന കണക്കുകളാണിത്.