
മോസ്കോ: റഷ്യ ആക്രമണം ശക്തമായി തുടരുകയും പശ്ചാത്യരാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ എത്തിച്ച് യുക്രെയിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനിടെ ബെലാറുസ് അതിർത്തിയിൽ ഇന്ന് സമാധാന ചർച്ച നടത്തുന്നു.
റഷ്യ നിർദ്ദേശിച്ച ഈ വേദി സാദ്ധ്യമല്ലെന്ന നിലപാടിലായിരുന്ന യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ഇന്നലെ വഴങ്ങുകയായിരുന്നു.
അതിനിടെ, നാറ്റോ സഖ്യരാഷ്ട്രങ്ങളുടെ ഇടപെടലിൽ പ്രകോപിതനായ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആണവ പ്രതിരോധ സേനയോട് സജ്ജമാകാൻ ആവശ്യപ്പെട്ടു. ഇതറിഞ്ഞ്, ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ബുധനാഴ്ച 35 അംഗരാഷ്ട്രങ്ങളുടെ അടിയന്തരയോഗം വിളിച്ചു.
യുക്രെയിനുമായി ചർച്ചയ്‌ക്ക് സൈനിക ഉദ്യോഗസ്ഥരും നയതന്ത്രപ്രതിനിധികളും ഉൾപ്പെടുന്ന റഷ്യൻ സംഘം ബെലാറുസ് നഗരമായ ഗോമലിൽ എത്തിയതായി ക്രെംലിൻ വക്താവ് അറിയിച്ചു. യുക്രെയിൻ - ബെലാറുസ് അതിർത്തിയിൽ പ്രിപ്യാത് നദിക്ക് സമീപമുള്ള കേന്ദ്രത്തിലായിരിക്കും ചർച്ചയെന്നും യുക്രെയിൻ സംഘം അങ്ങോട്ട് പോകുമെന്നുമാണ് റിപ്പോർട്ട്.
റഷ്യയുടെ യുക്രെയിൻ ആക്രമണത്തിന് ബെലാറുസ് കൂട്ടുനിന്നതു കാരണം അവിടെ ചർച്ച പറ്റില്ലെന്നായിരുന്നു സെലൻസ്കിയുടെ ആദ്യനിലപാട്. വാഴ്സാ, ബ്രാറ്റിസ്ലാവ, ഇസ്താംബുൾ, ബുഡാപെസ്റ്റ്, ബാക്കു എന്നിവ ബദൽ വേദികളായും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
സൈനിക നടപടികൾ നിർത്തില്ലെന്ന് വ്യക്തമാക്കിയ റഷ്യ
രണ്ടാമത്തെ വലിയ നഗരമായ ഖർക്കീവിൽ കടന്നുകയറി ആക്രമണം കടുപ്പിച്ചു യുക്രെയിൻ സേന ചെറുത്തു നിൽക്കുന്നുണ്ട്. രണ്ട് വലിയ നഗരങ്ങളായ ഖെർസൺ, ബെർദ്യാൻസ്‌ക് എന്നിവ റഷ്യൻ സേന പൂർണമായും ഉപരോധിച്ചതായി റഷ്യൻ പ്രതിരോധ വക്താവ് അവകാശപ്പെട്ടു.
4300 സൈനികരെ വധിച്ചെന്ന് യുക്രെയിൻ
റഷ്യയ്‌ക്ക് 4300 സൈനികരെയും 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്‌ടമായതായി യുക്രെയിൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാർ അവകാശപ്പെട്ടു.
240 സിവിലിയന്മാർ മരിച്ചെന്ന് യു.എൻ.
 മരിച്ചവരിൽ 10 ഗ്രീക്ക് വംശജരും
 1.60 ലക്ഷം ജനങ്ങൾ പലായനം ചെയ്‌തു
അഭയാർത്ഥികൾ 40 ലക്ഷം കവിയുമെന്ന് ആശങ്ക
റഷ്യൻ വിമാനങ്ങൾക്ക് യൂറോപ്പിൽ പൂർണ വിലക്ക്
യൂറോപ്യൻ വിമാനങ്ങൾക്ക് റഷ്യൻ വിലക്ക്
റഷ്യൻ ബാങ്കുകളെ അന്താരാഷ്‌ട്ര പണം കൈമാറ്റ
ശൃംഖലയായ സ്വിഫ്റ്റിൽ നിന്ന് വിലക്കും