
കൊവിഡിന്റെ പിടിയിൽ നിന്നും നാടും നഗരവും മുക്തമാവുന്ന കാഴ്ചയാണ് 2022 സമ്മാനിക്കുന്നത്. കൊവിഡ് കാലത്ത് ജീവനോപാധി നഷ്ടമായവരിൽ നല്ലൊരു പങ്കിനും അത് തിരിച്ച് പിടിക്കാനുള്ള സുവർണാവസരവുമാണ് ഇത്. എന്നാൽ രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിലെ വർദ്ധനവാണ് ഇനി ഇന്ത്യൻ കുടുംബത്തിന് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.
ലോക്കൽ സർക്കിൾസ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ അറിയാൻ കഴിഞ്ഞത് രാജ്യത്തെ രണ്ടിൽ ഒരു കുടുംബം ഈ വർഷം തങ്ങളുടെ സമ്പാദ്യം കുറയും എന്ന് വിശ്വസിക്കുന്നവരാണ്. ഇതിന്റെ പ്രധാന കാരണം ഉയർന്ന് നിൽക്കുന്ന എണ്ണവിലയാണ്. രാജ്യത്തെ മികക്ക നഗരങ്ങളിലും ഇപ്പോൾ പെട്രോൾ വില നൂറിനും നൂറ്റിപ്പത്തിനും ഇടയിലാണ്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരിഗണിച്ച് പതിവു പോലെ എണ്ണ വിലയിൽ മാസങ്ങളായി ചാഞ്ചാട്ടമില്ല. എന്നാൽ യുക്രെയിൻ റഷ്യ യുദ്ധത്തോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയ്ക്ക് തീ പിടിച്ചതോടെ രാജ്യത്തും വില വർദ്ധിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തെ 361ലധികം ജില്ലകളിലെ പൗരന്മാരിൽ നിന്ന് 27,000ത്തിലധികം സാമ്പിളുകൾ പരിശോധിച്ച ലോക്കൽ സർക്കിൾ സർവേയിൽ 11 ശതമാനം കുടുംബങ്ങൾ മാത്രണ് ഈ വർഷം തങ്ങളുടെ സമ്പാദ്യം വർദ്ധിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചത്. രണ്ടിലൊന്ന് കുടുംബം തങ്ങളുടെ സമ്പാദ്യം 2022ൽ കുറയുമെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.
പങ്കെടുത്ത 42 ശതമാനം ഇന്ത്യൻ കുടുംബങ്ങളിലുള്ളവരും എണ്ണവില വർദ്ധനവ് സഹിക്കാനാവുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. 24 ശതമാനത്തോളം കുടുംബങ്ങളിൽ മറ്റു ചെലവുകൾ വെട്ടിക്കുറച്ചാണ് കുടുംബ ബഡ്ജറ്റ് തെറ്റാതെ കൊണ്ടു പോകുന്നത്. കുറച്ച് നാളത്തേയ്ക്ക് എണ്ണ വില വർദ്ധനവ് സഹിക്കാനാവുമെങ്കിലും സ്ഥിരമായാൽ അത് കുടുംബ ചെലവിൽ വൻ ആഘാതമാണ് ഉണ്ടാക്കുക.