
കീവ്: റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയിൻ സേനയുടെ ഭാഗമാകാൻ വിദേശ പൗരന്മാരെ ക്ഷണിച്ച് പ്രസിഡന്റ് സെലൻസ്കി. പുതുതായി രൂപം കൊണ്ട ഇന്റർനാഷണൽ ലെഗ്യോൻ ഒഫ് ടെറിട്ടോറിയൽ ഡിഫൻസ് ഒഫ് യുക്രെയിൻ എന്ന സേനാ വിഭാഗത്തിലേക്കാണ് വിദേശ പൗരന്മാരെ ക്ഷണിച്ചിരിക്കുന്നത്. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ യുക്രെയിനിനെ സഹായിക്കാൻ താത്പര്യമുള്ള ആർക്കും സേനയുടെ ഭാഗമാകാമെന്ന് സെലൻസ്കി ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു.
യുക്രെയിനിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും മന്ത്രിമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വിദേശ പൗരന്മാരെ സേനയുടെ ഭാഗമാകാൻ ക്ഷണിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. സേനയിൽ പങ്കുചേരാൻ താത്പര്യമുള്ളവർ അവരവരുടെ രാജ്യങ്ങളിലുള്ള യുക്രെയിൻ എംബസിയുമായി ബന്ധപ്പെടണമെന്നും ഒരുമിച്ച് ഹിറ്റ്‌ലറെ പരാജയപ്പെടുത്തിയ നമുക്ക് ഇനി പുടിനെ തറപറ്റിക്കാമെന്നും വിദേശകാര്യമന്ത്രി ദിമിത്രോ കുലേബാ ട്വീറ്റ് ചെയ്തു.
Ukraine’s Foreign Minister invites foreign nationals to join the International Legion of Territorial Defense of Ukraine 🇺🇦 https://t.co/JVOjKuuMXW
— Ukraine / Україна (@Ukraine) February 27, 2022
അതേസമയം യുദ്ധത്തിന്റെ നാലാം ദിവസമായ ഇന്ന് യുക്രെയിൻ നഗരങ്ങളെ കടന്നാക്രമിക്കുകയാണ് റഷ്യ. രണ്ട് നഗരങ്ങൾ പിടിച്ചെടുത്തു. നോവ, കഖോവ എന്നീ നഗരങ്ങൾ റഷ്യ പിടിച്ചെടുത്തെന്ന് യുക്രെയിൻ സ്ഥിരീകരിച്ചിരിക്കുകയാണ്. യുക്രെയിൻ തലസ്ഥാനമായ കീവിൽ സ്ഫോടനങ്ങൾ നടക്കുന്നു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഫോടനങ്ങൾ നടക്കുന്നത്. വ്യോമാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സുമിയിലും കേഴ്സണിലും തെരുവ് യുദ്ധം നടക്കുകയാണ്. അതേസമയം ചർച്ചയ്ക്ക് തയാറാണെന്ന് റഷ്യ വീണ്ടും ആവർത്തിക്കുകയാണ്. ബലാറൂസിൽ ചർച്ചയ്ക്ക് തയാറെന്നാണ് റഷ്യ അറിയിച്ചത്. റഷ്യൻ സംഘം അവിടെ എത്തിയിരിക്കുകയാണ്. എന്നാൽ ബലാറൂസിൽ വച്ച് ചർച്ച നടത്താൻ തയാറല്ലെന്നാണ് യുക്രെയിൻ അറിയിച്ചത്. പകരം മൂന്ന് വേദികൾ സെലൻസ്കി നിർദേശിച്ചു. വാഴ്സ, ഇസ്താംബുൾ, ബൈകു എന്നിവിടങ്ങളാണ് യുക്രെയിൻ നിർദേശിച്ചത്.
കീവ് നിയന്ത്രണത്തിലാക്കാൻ റഷ്യക്കൊപ്പം ചേർന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം റഷ്യയെ പ്രതിരോധിക്കാൻ യുക്രെയിനിന് സഹായ വാഗ്ദ്ധാനവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. യുദ്ധവിരുദ്ധ വികാരം റഷ്യയിൽ ശക്തമാണ്. പ്രതിഷേധിച്ച മൂവായിരത്തിലധികം പേർ അറസ്റ്റിലായെന്നാണ് റിപ്പോർട്ടുകൾ.