
കുഞ്ചാക്കോ ബോബൻ ചിത്രം ഭീമന്റെ വഴിയാണ് ദിവ്യ എം. നായർ എന്ന അഭിനേത്രിയെ ശ്രദ്ധേയയാക്കുന്നത്. റേഡിയോ ജോക്കി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക എന്നീ വിലാസമായിരുന്നു അതുവരെ . സീരിയലിലും വെബ് സീരീസിലും തിളങ്ങിയ ദിവ്യ സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിൽ. ഭീമന്റെ വഴിയിൽ റീത്ത കൗൺസിലർ എന്ന കഥാപാത്രം നൽകുന്ന പ്രശസ്തിയിൽ പുതിയ അവസരങ്ങൾ എത്തുന്നതിന്റെ ആഹ്ളാദത്തിൽ ദിവ്യ എം. നായർ സംസാരിച്ചു തുടങ്ങി.
''എന്റെ വ്യക്തിത്വവും റീത്തയുടേതു പോലെയാണ്.ഞാൻ നോ പറയേണ്ടടത് നോ പറഞ്ഞുതന്നെയാണ് ജീവിക്കുന്നത്. നോ പറയേണ്ട സാഹചര്യങ്ങളിൽ അത് പറയാൻ പലർക്കും പേടിയാണ്. പലപ്പോഴും അത്തരം സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാത്ത രീതിയിൽ, വേറെയൊരു തലത്തിലേക്ക് കാര്യങ്ങൾ നീങ്ങും. റീത്തയെപ്പോലെ ഞാനും ആരെയും ആശ്രയിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്നയാളാണ്. റീത്തയുടെ കുറെ കാര്യങ്ങൾ എന്നിൽ ഉള്ളതുതന്നെയാണ്.
മുൻപത്തെ പോലെ അല്ല ഇപ്പോൾ, ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആണെന്നോ പെണ്ണെന്നോ ഇല്ലാതെ പുതുതലമുറയിലെ ഒരു നല്ല ശതമാനവും കുട്ടികളും മദ്യപിക്കുന്നവരാണ്. മദ്യപിക്കുന്ന, പുകവലിക്കുന്ന, അല്ലെങ്കിൽ ആൺകുട്ടികളുടെ തോളത്ത് കൈയിട്ടു നടക്കുന്ന പെൺകുട്ടികളെ അംഗീകരിക്കാൻ ഇപ്പോഴും സമൂഹം തയ്യാറായിട്ടില്ല. മദ്യപിക്കുന്നത് കൊണ്ടോ, രാത്രി എവിടെയെങ്കിലും പോയി വൈകി വരുന്നത് കൊണ്ടോ മോശക്കാരനും മോശക്കാരിയുമാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല. നമ്മുടെ നാട്ടിലുള്ളവരുടെ കാഴ്ചപ്പാട് മാറേണ്ട സമയം കഴിഞ്ഞു. കേരളത്തിൽ മാത്രമേ ഇത്രയും അധികം പ്രശ്നമുള്ളൂ.'' ദിവ്യ എം. നായർ പറഞ്ഞു.
മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുഴു ആണ് ദിവ്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പ്രതീക്ഷ നൽകുന്ന കഥാപാത്രം. ചില വേഷങ്ങൾ ചെയ്യാനുള്ള ആത്മവിശ്വാസമില്ലാത്തതിനാൽ ഉപേക്ഷിച്ചു.
'' നമ്മുടെ നാട്ടിൽ എല്ലാം ഒളിച്ചാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി നോക്കിയാൽ ഇവിടെ പെൺകുട്ടികൾക്ക് ആരുടെയും തുറിച്ചുനോട്ടമില്ലാതെ പോകാൻ പറ്റിയ ഒരു പബ്ബ് ഇല്ല.
നമ്മുടെ വീട്ടുകാരും ഇതൊന്നും അംഗീകരിക്കില്ല. എനിക്കറിയാവുന്ന എത്രയോ സ്ത്രീകൾ മദ്യപിക്കാറുണ്ട്. അത് സിനിമയിൽ യഥാർത്ഥ്യമെന്നോണം തുറന്നുകാണിച്ചു. അത്രയേ ഉള്ളു. ഞാൻ രണ്ടെണ്ണം അടിക്കും എന്ന തുറന്ന് പറയുന്നത് തെറ്റല്ല.'' ദിവ്യ എം. നായർ പറഞ്ഞു.