
പ്യോംഗ്യാംഗ്:ലോകം യുദ്ധഭീതിയിൽ വിറച്ചിരിക്കവേ ഇന്നലെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തി.
തലസ്ഥാന നഗരമായ പ്യോംഗ്യാംഗിന് സമീപമുള്ള സുനാനിൽ നിന്ന് പ്രാദേശിക സമയം രാവിലെ 7.52നായിരുന്നു പരീക്ഷണമെന്നാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. ഹ്വാസോംഗ്-12 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് പരീക്ഷിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.ഉത്തര കൊറിയ ഈ വർഷം നടത്തുന്ന എട്ടാം മിസൈൽ പരീക്ഷണമാണിത്. ജനുവരിയിൽ മാത്രം ഉത്തരകൊറിയ ഏഴു മിസൈലുകൾ പരീക്ഷിച്ചിരുന്നു. 2021ൽ പരീക്ഷിച്ച മിസൈലുകളുടെ ആകെ എണ്ണത്തേക്കാൾ വരുമിത്. ഫെബ്രുവരിയുടെ തുടക്കത്തിൽ ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു. ചൈനയിൽ ശീതകാല ഒളിമ്പിക്സ് നടക്കുന്നതിനാലാണ് ഇതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 20ന് ശീതകാല ഒളിമ്പിക്സ് സമാപിച്ചതോടെ പരീക്ഷണം പുനരാരംഭിച്ചു. മാർച്ച് ഒമ്പതിന് ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മിസൈൽ പരീക്ഷണം നടന്നത്. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ലോകം ശ്രമിക്കുന്നതിനിടെ ഈ പരീക്ഷണം ശരിയായില്ലെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിൽ അഭിപ്രായപ്പെട്ടു. വിഷയത്തിൽ എൻ.എസ്.സി അഗാധമായ ആശങ്കയും ഖേദവും പ്രകടിപ്പിച്ചു. അതേസമയം, ഏപ്രിൽ 15ന് നടക്കാനിരിക്കുന്ന ഉത്തര കൊറിയൻ സ്ഥാപകൻ കിം 2 സംഗിന്റെ 110-ാം ജന്മദിനാഘോഷത്തിന് വേണ്ടിയുള്ള തയാറെടുപ്പാകാം ഇതെന്നും പ്രകോപനമായി കാണേണ്ടതില്ലെന്നും വാദമുണ്ട്.
 അമേരിക്കയ്ക്ക് വിമർശനം
റഷ്യ - യുക്രെയിൻ യുദ്ധത്തിൽ ആദ്യമായി ഔദ്യോഗിക പ്രതികരണം നടത്തി ഉത്തരകൊറിയ. യുക്രെയിനിൽ റഷ്യൻ അധിനിവേശമുണ്ടാകാനുള്ള പ്രധാന കാരണം അമേരിക്കയാണെന്ന് ഉത്തര കൊറിയ ആരോപിച്ചു. അതേസമയം, റഷ്യയെ വിമർശിക്കാനും ഉത്തര കൊറിയ തയ്യാറായില്ല. യുക്രെയിൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ലോകമാകെ വിമർശിക്കുമ്പോഴാണ് ഉത്തര കൊറിയയുടെ അനുകൂല നിലപാടെന്നത് ശ്രദ്ധേയമാണ്. സുരക്ഷയ്ക്കായി റഷ്യയ്ക്കു ന്യായമായ നടപടികളെടുക്കാമെന്നും ഉത്തര കൊറിയ വ്യക്തമാക്കുന്നു. ഉത്തര കൊറിയയുടെ പ്രധാന സഖ്യരാജ്യമായ ചൈനയും അമേരിക്കയെ ആണ് വിഷയത്തിൽ കുറ്റപ്പെടുത്തിയത്.
ഉപരോധം അന്താരാഷ്ട്ര നിലയത്തിനുമുണ്ടോയെന്ന് റഷ്യ
മോസ്കോ: അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമൂഹം റഷ്യക്കെതിരെ ഉപരോധങ്ങൾ കടുപ്പിച്ചതിനെ വിമർശിച്ച് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിൻ. ഉപരോധങ്ങൾ( അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനത്തിലെ സഹകരണം ഇല്ലാതാക്കുന്നത് മാത്രമല്ല പ്രശ്നം നിലയത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഭൂമിയിൽ പതിച്ച് ദുരന്തമുണ്ടാകുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
500 ടൺ ഭാരമുള്ള നിലയം ഇന്ത്യയിലോ ചൈനയിലോ പതിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയൊരു ഭീഷണി അവർക്ക് നേരെ ഉയർത്താൻ നിങ്ങളാഗ്രഹിക്കുന്നുണ്ടോ? റഷ്യക്ക് മുകളിലൂടെ ഐ.എസ്.എസ് കടന്നുപോകുന്നില്ല. അതിനാൽ എല്ലാ ഭീഷണിയും നിങ്ങൾക്കാണ്. അവ നേരിടാൻ തയാറാണോയെന്നും ദിമിത്രി ചോദിച്ചു.
അതേസമയം, റഷ്യക്കെതിരായ ഉപരോധങ്ങൾ ബഹിരാകാശ മേഖലയിലെ സഹകരണത്തെ ബാധിക്കില്ലെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ പ്രതികരിച്ചു. ഭൂമിയിൽ നിന്ന് 400 കി.മീറ്റർ അകലെ ഗവേഷണം നടത്തുന്ന കേന്ദ്രമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. അമേരിക്ക, റഷ്യ, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവർത്തനം.
 ബൈഡനെ പുട്ടിൻ ചെണ്ടയാക്കി
സെലൻസ്കി ധീരനെന്ന് ട്രംപ്
വാഷിംഗ്ടൺ:റഷ്യയുടെ യുക്രെയിൻ ആക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പരിഹസിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ളോറിഡയിൽ നടക്കുന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുക്രെയിനെ ആക്രമിക്കാനുള്ള സാഹചര്യം ഉണ്ടാകരുതായിരുന്നു. ഈ വിഷയത്തിൽ ബൈഡനെ പുട്ടിൻ ചെണ്ടയാക്കി മാറ്റിയെന്നും ട്രംപ് പരിഹസിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ നേരിടാൻ മടിയ്ക്കുന്ന ബൈഡൻ ഭരണകൂടത്തെ ട്രംപ് വിമർശിച്ചു. റഷ്യൻ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തിയ ട്രംപ് ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും താനായിരുന്നു പ്രസിഡന്റെങ്കിൽ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും പറഞ്ഞു.യുക്രെയിൻ പ്രസിഡന്റ് സെലൻസ്കിയെ ധീരനെന്ന് വിളിച്ചാണ് ട്രംപ് പുകഴ്ത്തിയത്. റഷ്യ നടത്തുന്നത് മാനവികതയ്ക്ക് നേരെയുള്ള അതിക്രമമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. പുട്ടിനുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചു.