
കീവ്: റഷ്യൻ അധിനിവേശ മേഖലയായ ക്രൈമിയയെ യുക്രെയിനുമായി ബന്ധിപ്പിക്കുന്ന ഖേർസന്‍ പ്രവിശ്യയിലെ ഹെനിചെസ്ക് പാലം. യുക്രെയിനിലേക്ക് കടക്കാനായി റഷ്യൻ സൈന്യം പാലം ലക്ഷ്യമാക്കി വരികയാണ്. റഷ്യൻ സൈന്യത്തെ തടയാൻ ശക്തമായ പ്രതിരോധവുമായി നിൽക്കുകയാണ് യുക്രെയിൻ സൈന്യം. അതിനിടെ കുഴിബോംബ് ഉപയോഗിച്ച് പാലം തകർത്ത് റഷ്യയെ തടയാമെന്ന ആശയവുമായി സൈനിക എൻജിനിയറായ വോളോദിമിരോവിച്ച് മുന്നോട്ടെത്തി. പക്ഷേ, റഷ്യന്‍ സൈന്യത്തിന്റെ വേഗതയെക്കുറിച്ചുള്ള വോളോദിമിരോവിച്ചിന്റെ അനുമാനം തെറ്റായിരുന്നു. പാലം തകർക്കുന്നതിനുള്ള കുഴിബോംബിന്റെ ഫ്യൂസ് ഘടിപ്പിച്ച് സുരക്ഷിത സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള സമയം തനിയ്ക്ക് ലഭിക്കില്ലെന്ന് വോളോദിമിരോവിച്ച് മനസ്സിലാക്കുന്നു. റഷ്യന സൈനികരെ ചെറുക്കാനായി തന്റെ ജീവൻ മറന്ന് അദ്ദേഹം കുഴിബോംബ് പൊട്ടിച്ച് പാലം തകർത്തു. തന്റെ ജീവനേക്കാൾ വലുതായിരുന്നു അദ്ദേഹത്തിന് രാജ്യത്തിന്റെ രക്ഷ. വോളോദിമിരോവിച്ചിന്റെ ധീരതയെ പ്രശംസിച്ച യുക്രെയിൻ സൈന്യം അദ്ദേഹത്തെ ദേശീയ നായകനായി പ്രഖ്യാപിച്ചു.
 കണ്ണീരോടെ ദേശീയ ഗാനം
ആലപിച്ച് യുക്രെയിൻ യുവതി
തങ്ങളുടെ മാതൃരാജ്യത്ത് റഷ്യൻ സൈന്യം അക്രമം അഴിച്ചുവിടുവന്നതിനിടയിലും യുക്രെയിൻ ജനതയുടെ പ്രതിരോധത്തിന്റേയും അതിജീവനത്തിന്റേയും നിരവധി കഥകളാണ് ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ദേശീയ ഗാനത്തിലൂടെ യുക്രയ്നിയൻ ജനത ശക്തി നേടുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്. ആക്രമണത്തിൽ തകർന്ന വീട് വൃത്തിയാക്കുന്നതിനിടെ കണ്ണീരോടെ ദേശീയ ഗാനം ആലപിക്കുന്ന യുക്രെയിനിയൻ വനിതയുടെ വീഡിയോ മനുഷ്യരാശിയുടെ ഉള്ളുലയ്ക്കുന്നതാണ്. റഷ്യൻ അധിനിവേശത്തെ തുടർന്ന് നടക്കുന്ന സൈനിക ആക്രമണങ്ങളിൽ തകർന്ന വീടിന്റെ ജനൽ ചില്ലുകൾ വൃത്തിയാക്കുന്നതിനിടെയാണ് യുവതി കണ്ണീരോടെ ദേശീയ ഗാനം ആലപിക്കുന്നത്.സമാന രീതിയിൽ കഴിഞ്ഞ ദിവസം യുക്രെയിൻ നയതന്ത്രജ്ഞൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയും ഏറെ ജനശ്രദ്ധ നേടിയിരുന്നു. യുദ്ധ സാഹചര്യങ്ങൾ നിലനിൽക്കുന്ന കീവിന്റെ പ്രാന്തപ്രദേശത്ത് അപരിചിതനായ വ്യക്തി യുക്രെയിനിന്റെ ദേശീയ ഗാനം കേൾപ്പിക്കുന്നതും സമീപമുള്ള വീടുകളിൽ നിന്ന് 'യുക്രെയിനിന്റെ മഹത്വം' എന്ന് ജനങ്ങൾ ഏറ്റുപറയുന്നതും വീഡിയോയിൽ കേൾക്കാം.