
 ഇപ്പോൾ ക്രൂഡോയിൽ വാങ്ങുന്നത് ബാരലിന് 100.71 ഡോളർ നൽകി
ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് നടപ്പുവർഷം (2021-22) 10,000 കോടി ഡോളർ (7.50 ലക്ഷം കോടി രൂപ) കവിഞ്ഞേക്കും. ഏപ്രിൽ-ജനുവരിയിൽ ചെലവ് 9,430 കോടി ഡോളറായിരുന്നു (7.07 ലക്ഷം കോടി രൂപ) എന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കുകൾ വ്യക്തമാക്കി.
ജനുവരിയിൽ മാത്രം 1,160 കോടി ഡോളറിന്റെ (87,000 കോടി രൂപ) ഇറക്കുമതി നടന്നു. 2021 ജനുവരിയിൽ ഇറക്കുമതി 770 കോടി ഡോളറിന്റേതായിരുന്നു (57,750 കോടി രൂപ). ജനുവരിയിൽ ബാരലിന് 89 ഡോളറായിരുന്നു ഇന്ത്യയുടെ ഏറ്റവും കൂടിയ വാങ്ങൽച്ചെലവ് (ഇന്ത്യൻ ബാസ്‌കറ്റ്). ഇപ്പോൾ ഇത് 100.71 ഡോളറാണ്.
അതായത്, ജനുവരിയേക്കാൾ കൂടുതലാണ് ഫെബ്രുവരിയിലെ വാങ്ങൽച്ചെലവ്. ഫെബ്രുവരിയിലെ ഔദ്യോഗിക കണക്കുകൾ പിന്നീടേ അറിയൂ. മാർച്ചിൽ രാജ്യത്ത് പെട്രോൾ, ഡീസൽവില കുത്തനെ കൂടുമെന്ന സൂചനയാണ് ക്രൂഡോയിൽ വില, വാങ്ങൽച്ചെലവ് എന്നിവയിലെ വർദ്ധന നൽകുന്നത്.